Asianet News MalayalamAsianet News Malayalam

എത്ര മാരകമാണ്‌ വിശാഖപട്ടണത്ത് ചോർന്ന സ്റ്റൈറീൻ എന്ന വിഷവാതകം

ലോക്ക് ഡൗൺ കാലയളവിൽ  ഏറെ നാൾ അടച്ചിട്ട ശേഷം ഇങ്ങനെ തുറക്കാൻ ശ്രമിക്കുന്ന പല ഫാക്ടറികളിലും സമാനമായ പ്രശ്നങ്ങൾ അവ രണ്ടാമതും തുറന്നു പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകാനിടയുണ്ട് 

how fatal is styrene gas that leaked in Vyzag
Author
Vizag, First Published May 7, 2020, 10:01 AM IST

 വിശാഖപട്ടണത്തിനടുത്തുള്ള ഗോപാലപട്ടണത്തു സ്ഥിതിചെയ്യുന്ന എൽജി പോളിമേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നുണ്ടായ വിഷവാതകച്ചോർച്ചയിൽ എട്ടിലധികം പേർ മരിക്കുകയും 250 -ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. ഇവിടെ ചോർന്നിരിക്കുന്നത് സ്റ്റൈറീൻ എന്ന വിഷവാതകമാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ഫാക്റ്ററിയിൽ നിന്ന് ഈ വിഷവാതകം ചോർന്നതും, സമീപ പ്രദേശത്തുള്ളവരെ അത് ബാധിച്ചതും.  ഗാഢനിദ്രയിലായിരുന്ന പലരും ശ്വാസം മുട്ടലോടെ പിടഞ്ഞെണീക്കുകയായിരുന്നു. അസ്വസ്ഥത സഹിയാതെ പലരും പുറത്തേക്കിറങ്ങി ഓടി. അങ്ങനെ ഓടിയവരിൽ പലരും റോഡരികിൽ തന്നെ മരിച്ചു വീണു. വളരെ പരിഭ്രാന്തി നിറഞ്ഞ രംഗങ്ങളാണ് പിന്നീട് ഗോപാലപുരത്ത് അരങ്ങേറിയത്.

 

അസ്വസ്ഥത അനുഭവപ്പെട്ടവരെ കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിൽ എത്തിയവർക്ക് ഓക്സിജൻ നൽകി അവരെ പരിചരിച്ചു വരുന്നു. പ്രദേശത്തുനിന്ന് 3000 പേരെ ഒഴിപ്പിച്ചു.  

 

എന്താണ് സ്റ്റൈറീൻ?

വളരെ എളുപ്പത്തിൽ ബാഷ്പീകരിച്ചു പോകുന്ന ഒരു ദ്രാവകമാണ് സ്റ്റൈറീൻ. എഥനൈൽ ബെൻസീൻ എന്നും, വിനൈൽ ബെൻസീൻ എന്നും ഇതിനു പേരുകളുണ്ട്.   ഏറ്റവും ശുദ്ധമായ രൂപത്തിൽ അതിന്  നല്ല മധുരമായ മണമാണുള്ളത്. എന്നാൽ മനുഷ്യ നിർമിതമായ സ്റ്റൈറീനിൽ ആൽഡിഹൈഡുകൾ കലർന്നിട്ടുണ്ടാകും എന്നതുകൊണ്ട് അസഹ്യമായ ദുർഗന്ധമാകും ഉണ്ടാകുക.

നേരിയ അളവിൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളാൽ നിർമിക്കപ്പെടുന്ന ഈ വാതകം, വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന ഒരു അസംസ്കൃതവസ്തു കൂടിയാണ്. പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ പല വ്യവസായങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. പാക്കിങ് മെറ്റിരിയലുകൾ, ഇലക്ട്രിക്കൽ ഇൻസുലേഷൻ, ഫൈബർ ഗ്ലാസ്, ഭക്ഷണാവശ്യത്തിനുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കാർപ്പെറ്റുകൾ തുടങ്ങി പലതും നിർമിക്കാൻ ഉപയോഗിച്ചുവരുന്നുണ്ട് ഈ രാസവസ്തു. 

 

how fatal is styrene gas that leaked in Vyzag

കണ്ണുകളിലൂടെയും, ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് ആയി മാറുന്നു. അതോടെ ഇത് അത്യന്തം വിഷമയവും, കോശങ്ങളുടെ ഡിഎൻഎയെ വരെ ക്രമരഹിതമാക്കാനുള്ള കഴിവുള്ള ഒരു വിഷവസ്തുവായി മാറുന്നു.  വാതകം മനുഷ്യ ശരീരവുമായി കൂടിയ സാന്ദ്രതയിൽ സമ്പർക്കം വന്നാൽ അത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നമ്മുടെ നാഡീവ്യൂഹത്തെയാണ് ഈ വാതകം നേരിട്ട് ആക്രമിക്കുന്നത്. അത് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവിനെ ബാധിക്കും, ക്ഷീണം തോന്നിക്കും. തലക്ക് കെട്ടുവന്നപോലെ ഒരു തോന്നലുണ്ടാക്കും. നമ്മുടെ പ്രതികരണ ശേഷി കുറയ്ക്കും, ഏകാഗ്രത കുറയും, ബാലൻസ് ഇല്ലാത്തപോലെ തോന്നും.

കൂടിയ അളവിൽ സ്റ്റൈറീൻ വാതകം ശ്വസിച്ച മൃഗങ്ങളിൽ കേൾവി ശക്തിയെ ബാധിച്ചതായി ലബോറട്ടറി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിൽ അത് മൂക്കിനുള്ളിലെ സ്തരത്തെ തകരാറിലാക്കുമെന്നും, വൃക്കയേയും, കരളിനെയും ബാധിക്കും എന്നും പറയുന്നു.

ഈ  വാതകവുമായി കൂടിയ സമ്പർക്കമുണ്ടായാൽ അത് കാൻസറിന്‌ വരെ കാരണമാകും എന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ അറ്റോമിക് റിസർച്ച് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലൂക്കീമിയ, ലിംഫോമ തുടങ്ങിയ കാൻസറുകളും സ്റ്റൈറീനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു പഠനം 2016 -ൽ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയും പുറത്തുവിട്ടിരുന്നു.

അപകടം ലോക്ക് ഡൗൺ കഴിഞ്ഞ് പ്ലാന്റ് തുറക്കുന്നതിനിടെ

1969 മുതൽ പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന പ്ലാസ്റ്റിക് നിർമാണ സ്ഥാപനമാണ് എൽജി പോളിമേഴ്‌സ്.  ഹൈപ്പോൾ, ഇപിഎസ് പോളിമറുകളാണ് ഫാക്ടറി നിർമിച്ചു വരുന്നത്. പോലീസ്റ്റൈറീൻ, എക്സ്പാൻഡബിൾ പോളിസ്റ്റൈറീൻ, മറ്റു പോളീസ്റ്റൈറീനുകൾ എന്നിവയും ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത്.

കഴിഞ്ഞ നാൽപതു ദിവസമായി ലോക്ക് ഡൗൺ കാരണം ഫാക്ടറി തുറന്നു പ്രവർത്തിക്കുന്നില്ലായിരുന്നു. ലോക് ഡൗൺ കാലയളവിനു ശേഷം ഇളവുകൾ കിട്ടി തൊഴിലാളികൾ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ  അപകടമുണ്ടായത് എന്ന് കരുതപ്പെടുന്നു. 

 

ലോക്ക് ഡൗൺ കാലയളവിൽ  ഏറെ നാൾ അടച്ചിട്ട ശേഷം ഇങ്ങനെ തുറക്കാൻ ശ്രമിക്കുന്ന പല ഫാക്ടറികളിലും സമാനമായ പ്രശ്നങ്ങൾ അവ രണ്ടാമതും തുറന്നു പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകാനിടയുണ്ട് എന്നതിനാൽ, ഈ അപകടത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതും ഹിതകരമായിരിക്കും. 

Follow Us:
Download App:
  • android
  • ios