Asianet News MalayalamAsianet News Malayalam

കൊതുകിനെ അകറ്റാൻ ഇതാ ചില എളുപ്പ വഴികൾ...

രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു  രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുകൾ വിവിധരോഗങ്ങൾ പരത്തുന്നു. ക്യൂലക്സ് കൊതുകാണ് മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്ക് കാരണമാകുന്നത്. 

How Get Rid of Mosquitoes
Author
Trivandrum, First Published Aug 12, 2019, 9:19 AM IST

ഈ മഴക്കാലത്ത് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് കൊതുകിനെയാണ്. മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു  രോഗമുണ്ടാക്കുകയും ചെയ്യുന്നു. 

ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കളെ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ കണ്ടെത്താം. കൊതുകുകൾ വെള്ളത്തിലാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്ത് കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു.

ഈഡിസ് എന്ന ഇനം കറുത്ത ശരീരത്തിൽ വലിയ വരകളുള്ള ഒരുതരം കൊതുകാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈ കൊതുകുകൾ പകൽസമയം പറന്നു നടന്ന് വീടിനു പുറത്തുവച്ചു മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്. മഴ വെള്ളം കെട്ടിനിൽക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ഫ്ളവർവേസുകൾ തുടങ്ങി പൂച്ചട്ടികളിൽ വരെ അവ പെരുകുന്നു. 

കൊതുകുകൾ വിവിധരോഗങ്ങൾ പരത്തുന്നു. ക്യൂലക്സ് കൊതുകാണു മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്ക് കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ എന്നീ രോഗങ്ങൾ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ)യുടെ രോഗവാഹി. മാൻസോണി എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്.

കൊതുകിനെ നിയന്ത്രിക്കാൻ ചെയ്യേണ്ടത്...

ഒന്ന്...

കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീൻ പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം.

രണ്ട്...

സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. മണ്ണെണ്ണ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നു കൊതുകിന്റെ ലാർവയ്ക്കും പ്യൂപ്പയ്ക്കും അന്തരീക്ഷവായുമായുള്ള സമ്പർക്കം തടഞ്ഞ് അവയെ നശിപ്പിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇത് ആവർത്തിക്കേണ്ടി വരും.

മൂന്ന്...

ഗാംബൂസിയ പോലുള്ള മത്സ്യങ്ങൾ കുളങ്ങളിൽ വളർത്തിയാൽ കൊതുക് പെരുകുന്നത് തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാർഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാൻസോണി കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

നാല്...

കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.

അഞ്ച്...

മുറിയിൽ രാസവസ്തുക്കൾ പുകയ്ക്കുന്നതിന് പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റ് ഉപയോഗിക്കുക എന്നിവ മാത്രമാണ് ആസ്മ അലർജി രോഗികൾക്ക് സുരക്ഷിതം.

Follow Us:
Download App:
  • android
  • ios