ഇപ്പോള്‍ മങ്കിപോക്സ് എന്ന രോഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പലരും ഇത് കൊവിഡിനെക്കാള്‍ ഭീകരനാണോ എന്ന സംശയമുന്നയിക്കുന്നുണ്ട്. പലര്‍ക്കും ആ രോഗത്തെ കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ല

കൊവിഡ് 19 രോഗവുമായുള്ള ( Covid 19 Disease ) നമ്മുടെ പോരാട്ടം തുടങ്ങി രണ്ടര വര്‍ഷം പിന്നിടുന്നു. കൊവിഡ് എത്രമാത്രം ഭീകരമായ രോഗമാണെന്ന് നാം അനുഭവത്തിലൂടെ തന്നെ കണ്ടറിഞ്ഞു. ലോകത്താകമാനം ലക്ഷക്കണക്കിന് പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത് ( Covid death rate ).

സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ നഷ്ടങ്ങളില്‍ പെട്ട് ഇന്നും കരകയറാന്‍ കഴിയാതെ പോയ മനുഷ്യര്‍ അതിലുമധികമാണ്. അത്രമാത്രം കൊവിഡ് നമ്മെ ബാധിച്ചുകഴിഞ്ഞു. 

ഇപ്പോള്‍ മങ്കിപോക്സ് എന്ന രോഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പലരും ഇത് കൊവിഡിനെക്കാള്‍ ഭീകരനാണോ എന്ന സംശയമുന്നയിക്കുന്നുണ്ട്. പലര്‍ക്കും ആ രോഗത്തെ കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ല. 

മങ്കിപോക്സ് ഒരിക്കലും കൊവിഡിനോളം പേടിക്കേണ്ട രോഗമല്ല എന്നതാണ് നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത്. മരണനിരക്കിന്‍റെ കാര്യമായാലും മറ്റ് രീതിയില്‍ നമ്മെ ബാധിക്കുന്ന കാര്യമായാലും കൊവിഡിനോളം ഒരുകാരണവശാലും മങ്കിപോക്സ് എത്തില്ല. അതേസമയം മങ്കിപോക്സിനെതിരായ ജാഗ്രതയും നാം പുലര്‍ത്തേണ്ടതുണ്ട്. 

മങ്കിപോക്സും കൊവിഡും

കൊവിഡ് രോഗം പരന്നതുമായി ബന്ധപ്പെട്ടല്ല മങ്കിപോക്സ് വ്യാപകമായിരിക്കുന്നത്. അത് സ്വതന്ത്രമായ രീതിയില്‍ തന്നെ വന്നെത്തിയതാണ്. ഒരു മാസത്തിനുള്ളില്‍ 100 മങ്കിപോക്ല് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഡസനിലധികം രാജ്യങ്ങളിലായാണ് കേസുകള്‍ വന്നിട്ടുള്ളത്. 

എന്നാല്‍ കൊവിഡിന്‍റെ കാര്യത്തില്‍ നമുക്കറിയാം. ചുരുങ്ങിയ സമയത്തിനകം തന്നെ അത് ആയിരക്കണക്കിന് പേരിലേക്ക് എത്തുകയും അതില്‍ നിരവധി പേരുടെ ജീവന്‍ കവരുകയും ചെയ്തു. 

രണ്ട് രോഗങ്ങള്‍ക്കും കാരണകാരിയാകുന്നത് വൈറസ് തന്നെയാണ്. എന്നാലിവ രണ്ടും രണ്ട് തരത്തിലുള്ള വൈറസാണ്. കൊവിഡ് 'സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം കൊറോണവൈറസ്' ആണ് സൃഷ്ടിക്കുന്നതെങ്കില്‍ മങ്കിപോക്സ്, 'ഓര്‍ത്തോപോക്സ് വൈറസ്'ആണ് സൃഷ്ടിക്കുന്നത്. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് മങ്കിപോക്സ് വൈറസ് വ്യാപകമായിട്ടുള്ളത്. വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തുടര്‍ന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എന്ന രീതിയിലാണ് മങ്കിപോക്സ് പകരുക. എന്നാല്‍ കൊവിഡിനോളം എളുപ്പത്തില്‍ മങ്കിപോക്സ് പകരുകയില്ല, 

നിലവില്‍ ലോകാരോഗ്യസംഘടനയുടെ സൂചന പ്രകാരം സ്വവര്‍ഗ ലൈംഗികതയുള്ള പുരുഷന്മാരിലാണ് രോഗം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ലൈംഗികബന്ധത്തിലൂടെ മാത്രമാണ് ഇത് പകരുകയെന്നും പറയാന്‍ സാധിക്കുകയില്ല. ഇത് സംബന്ധിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്. 

രോഗലക്ഷണങ്ങള്‍...

മങ്കിപോക്സിനും കൊവിഡിനും രോഗലക്ഷണങ്ങള്‍ തമ്മില്‍ സാമ്യതകളൊന്നുമില്ല. എന്നാല്‍ വൈറസ് അണുബാധയാണെന്നതിനാല്‍ തന്നെ പൊതുവായ ചില ലക്ഷണങ്ങള്‍ വരികയും ചെയ്യുന്നു. പനി, തളര്‍ച്ച, തലവേദന പോലുള്ള ലക്ഷണങ്ങള്‍ രണ്ട് രോഗങ്ങളിലും കാണാം. 

അതേസമയം ദേഹത്ത് ചെറിയ കുമിളകള്‍ പൊങ്ങുന്നതാണ് മങ്കിപോക്സിന്‍റെ പ്രധാന ലക്ഷണം. ഇത് കൊവിഡിന്‍റെ കാര്യത്തില്‍ സംഭവിക്കുകയില്ല. ജലദോഷം, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളും രണ്ട് രോഗങ്ങളിലും കാണാം. എന്നാല്‍ മേല്‍പ്പറഞ്ഞതുപോലെ ദേഹത്ത് ചിക്കന്‍ പോക്സ് രോഗത്തിലെന്ന പോലെ കുമിളകള്‍ പൊങ്ങുന്നതാണ് മങ്കിപോക്സിന്‍റെ വലിയ പ്രത്യേകത. ഇതുവച്ച് തന്നെ രോഗം തിരിച്ചറിയാവുന്നതാണ്. 

Also Read:- മങ്കിപോക്സും സെക്സും തമ്മില്‍ എന്ത് ബന്ധം?