മാനസിക സമ്മര്‍ദ്ദം ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക

ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഉയർന്ന കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജനിതക കാരണങ്ങള്‍, ചില രോഗാവസ്ഥകൾ എന്നിവയുമായാണ് കൊളസ്ട്രോളിനെ നാം എപ്പോഴും ബന്ധപ്പെടുത്തുന്നത്. എന്നാല്‍ ചീത്ത കൊളസ്ട്രോളും സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖർജി പറയുന്നത്.
ദൈനംദിന പ്രശ്‌നങ്ങളിൽ നാം കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, ദേഷ്യം പോലെയുള്ള വികാരങ്ങള്‍ വരുന്നതുമൂലം നമ്മുടെ കൊളസ്‌ട്രോളിന്റെ അളവ് ഉയർന്നേക്കാമെന്നാണ് അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. മാനസിക സമ്മർദ്ദം നിങ്ങളുടെ എൽഡിഎൽ കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) ഉയർത്തുക മാത്രമല്ല, ട്രൈഗ്ലിസറൈഡുകൾ, രക്തത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അഞ്ജലി മുഖർജി കൂട്ടിച്ചേര്‍ത്തു. സമ്മർദ്ദം നിയന്ത്രിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, കൃത്യമായ കൊളസ്ട്രോൾ അളവുകൾ ഉറപ്പാക്കാനും സഹായിക്കുമത്രേ.
കൊളസ്ട്രോൾ കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ ആളുകൾ പലപ്പോഴും ശുപാർശ ചെയ്യാറുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് അഞ്ജലി തന്നെ മുൻകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവ മിതമായ അളവിൽ കഴിക്കണമെന്നും മുഖർജി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഡാർക്ക് ചോക്ലേറ്റ് കാറ്റെച്ചിൻസ് എന്ന ആന്റിഓക്‌സിഡന്റിന്റെ നല്ല ഉറവിടമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയാനും രക്തം കട്ടപിടിക്കുന്നതിനുള്ള പ്രവണത കുറയ്ക്കാനും കൊക്കോ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു.
കൊക്കോ പൗഡർ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അഞ്ജലി പറയുന്നു. കൊക്കോയിലെ പോളിഫെനോളുകളുടെയും ഫ്ലേവനോയ്ഡുകളുടെയും സാന്നിധ്യം മൂലമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്നത്. നല്ല കൊളസ്ട്രോൾ കൂട്ടുകയും, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുകയും, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്തുകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് കാരണമാകുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഈ തെറ്റുകള്‍ ഒഴിവാക്കാം...