കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന അസുഖമായി മാറിയിരിക്കുകയാണ്. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങൾ.  പുകവലി, രക്തസമ്മര്‍ദം, പൊണ്ണത്തടി, മദ്യപാനം, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഒരുമിച്ചുവരുമ്പോഴാണ് കൊളസ്‌ട്രോള്‍ പ്രശ്‌നമാകുന്നത്.

കൊളസ്‌ട്രോള്‍ പരിശോധന പലതരത്തിലുണ്ട്. എച്ച്ഡിഎല്‍, എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ്, വിഎല്‍ഡിഎല്‍. എന്നിങ്ങനെ കൊളസ്‌ട്രോളിലെ വിവിധഘടകങ്ങള്‍ പരിശോധിച്ചാണ് ചികിത്സ നിര്‍ദേശിക്കുന്നത്. ഇതില്‍ എച്ച്ഡിഎല്‍. ഹൃദയാരോഗ്യത്തിന് ഉത്തമവും എല്‍ഡിഎല്‍. പ്രശ്നക്കാരനുമാണ്.

വ്യായാമമില്ലാത്തവര്‍, തൈറോയ്ഡ് ഹോര്‍മോണ്‍ തകരാറുള്ളവര്‍ എന്നിവര്‍ക്ക് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറവായിരിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും രണ്ടോ  മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കാവുന്നതാണ്. കൊളസ്ട്രോൾ മാത്രമല്ല ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി.

രണ്ട്....

 പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. പൂരിത കൊഴുപ്പുകൾ കൊളസ്ട്രോള്‍ ഉൽപാദനത്തെ കുറയ്ക്കുന്നു. പൊരിച്ച വകകൾ,  ട്രാൻസ്ഫാറ്റ് ഉപയോഗിക്കുന്ന ബേക്കറി സാധനങ്ങൾ, പായ്ക്കറ്റുകളിൽ ലഭിക്കുന്ന ‘കറുമുറെ ചവച്ചു’ തിന്നാവുന്ന വസ്തുക്കൾ എന്നിവ ഒഴിവാക്കിയാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം.

മൂന്ന്...

ദിവസവും ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ചെയ്യുന്നു.  ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്.

നാല്...

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. സാൽമൺ ഫിഷ്, , ട്യൂണ, വാൾനട്ട് എന്നിവ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്.