മനുഷ്യൻ കട്ടിലിന്മേൽ കിടക്കവിരിച്ച് കിടന്നുറങ്ങാൻ തുടങ്ങിയ കാലം തൊട്ടുതന്നെ അവന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് മൂട്ടകടി. പലപ്പോഴും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലുമാകാത്ത ഈ കുഞ്ഞു ജീവി ഒന്നു കിടന്നുറങ്ങാൻ ശ്രമിക്കുന്നവർക്ക് പകരുന്ന അസ്വസ്ഥത ചില്ലറയൊന്നുമല്ല. പലപ്പോഴും മൂട്ടയുള്ള ചില വീടുകളിലെ സോഫയിലോ കിടക്കയിലോ ഒന്നു ചെന്നിരുന്നുകൊടുത്താൽ മതി അവ നിങ്ങളുടെ കുപ്പായത്തിലേറി ഇങ്ങു പോരും നിങ്ങളുടെ വീട്ടിലേക്ക്. പിന്നെ നിങ്ങളുടെ വീട്ടിൽ നിങ്ങൾ എവിടൊക്കെ ചെന്നിരുന്നുവോ അവിടെയൊക്കെ ചെന്ന് പെറ്റുപെരുകി വീട്ടിൽ ഒരിടത്തും സ്വൈരമായി ചെന്നിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും. 

 

കഴിഞ്ഞ 20 വർഷമായി ലോകത്ത് കാര്യമായി പെറ്റുപെരുകിയിട്ടുണ്ട് മൂട്ടകൾ. സൈമെക്സ് ലെക്ടലേറിയസ് എന്ന ശാസ്ത്രനാമത്തിലാണ് മൂട്ട എന്ന സൂക്ഷ്മജീവി അറിയപ്പെടുന്നത്. അവ കേറിപ്പറ്റി സഞ്ചരിക്കാത്തതായി ലോകത്ത് ഇനി ഒരു വാഹനവുമില്ല. വിമാനത്തിലും, ട്രെയിനിലും, കപ്പലിലും, എന്തിന് അന്തർവാഹിനിയിൽ വരെ മൂട്ടകളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. നിങ്ങളെ കടിച്ചിട്ടില്ലെങ്കിൽപ്പോലും നിങ്ങൾ മൂട്ടകടികൊണ്ട് പൊറുതിമുട്ടിയ ഒരു സുഹൃത്തിന്റെ സഹപ്രവർത്തകന്റെ ഒക്കെ കഥകൾ ഉറപ്പായിട്ടും കേട്ടിട്ടുണ്ടാവും. മൂട്ടകളെപ്പറ്റിയുള്ള ഏറെ രസകരമായ ചില  ശാസ്ത്രീയവിവരങ്ങളാണ് ഇനി.

അക്കങ്ങളിൽ മൂട്ട 
 
5-7  : ഒരു മൂട്ടയുടെ ശരാശരി വലിപ്പം 5-7 മില്ലിമീറ്റർ ആണ്. 
500  : ഒരു മൂട്ട അതിന്റെ ആയുഷ്കാലത്തിൽ ഇടുന്ന മുട്ടകളുടെ എണ്ണം. 
20-400 - ജലപാനം കൂടാതെ ഒരു മൂട്ടയ്ക്ക് 20-400 ദിവസങ്ങൾ വരെ പിടിച്ചു നിൽക്കാവും.  
50  : മൂട്ട ചത്തുപോകുന്ന ഊഷ്മാവ് 50 ഡിഗ്രി സെൽഷ്യസ് ആണ്. 
9000 : ആമസോണിൽ മൂട്ടയെക്കൊല്ലാനുള്ള ഉൽപ്പന്നങ്ങളുടെ എണ്ണം 9000 ആണ്. .
1.20 : ഗവേഷണാവശ്യത്തിന് വിൽക്കപ്പെടുന്ന ഒരു മൂട്ടയുടെ വില 1.20  ഡോളർ ആണ്. ഏകദേശം നൂറു രൂപ. 

 

 

മറ്റുള്ള പ്രാണികളിൽ നിന്ന് വിരുദ്ധമായി മൂട്ടകൾ വിശേഷിച്ചൊരു രോഗവും പരത്തുന്നില്ല എന്നതുകൊണ്ടുതന്നെ അങ്ങനെ അധികം ഗവേഷണസ്ഥാപനങ്ങളൊന്നും തന്നെ മൂട്ടകളെ നിർമാർജ്ജനം ചെയ്യുന്നതിന്റെ പിന്നാലെ അധികം റിസർച്ചൊന്നും തന്നെ നടത്തിയിട്ടില്ല. അത് കാർഷിക വിളകളെ ബാധിക്കാത്തതുകൊണ്ട് കീടനാശിനി കമ്പനികളും മൂട്ടക്കുവേണ്ടി എന്നപേരിൽ അധികം ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ മിനക്കെട്ടിട്ടില്ല. അതേ സമയം മൂട്ടകടി എന്നത് തൊലിപ്പുറത്ത് ചൊറിച്ചിലും, തടിച്ചിലും, അലർജിയും, മാനസികമായ ഈർഷ്യയും ഒക്കെ ഉണ്ടാക്കുന്ന വളരെയധികം ശല്യങ്ങളുള്ള ഒരു പ്രശ്നം തന്നെയാണുതാനും. 

എന്തുകൊണ്ടാണ് മൂട്ടയെ കൊല്ലാൻ ഇത്ര പ്രയാസം 

മനുഷ്യനെ ഒന്നു കടിക്കാൻ പുറത്തിറങ്ങുന്ന സമയത്തൊഴിച്ച് ബാക്കി എല്ലാ സമയത്തും മൂട്ടകൾ ഒളിവിലായിരിക്കും എന്നതാണ് മൂട്ടകളുടെ ഒരു പ്രത്യേകത. കിടക്കയുടെ ഉള്ളിലും, കട്ടിലിലെ മരത്തിന്റെയും പ്ലൈവുഡിന്റെയും വിള്ളലുകളിലും ഒക്കെ അവയ്ക്ക് ആഴ്ചകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിച്ചുകൂട്ടാനാകും. അതുകൊണ്ടുതന്നെ നമ്മൾ കൊല്ലാൻ വേണ്ടി പ്രയോഗിക്കുന്ന കെമിക്കൽ ഈ മൂട്ടയുടെ ദേഹത്ത് ഏൽപ്പിക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. 

മൂട്ടശല്യം തിരിച്ചറിയാനുള്ള വഴികൾ

ചുവന്ന ബ്രൗണിഷ് നിറത്തിലുള്ള ഈ സൂക്ഷ്മജീവികൾക്ക് 5-7 മില്ലിമീറ്റർ മാത്രമാണ് പരമാവധി വലിപ്പം. മനുഷ്യ രക്തം മാത്രമാണ് ഇവയുടെ പ്രിയ ഭക്ഷണം. ഇവ നമ്മുടെ ശരീരത്തിൽ കടിച്ച ശേഷം തൊലിപ്പുറത്ത് അനുഭവപ്പെടുന്ന ചൊറിച്ചിൽ മാത്രമാണ് മൂട്ടകടിച്ചാലുണ്ടാകുന്ന ഒരേയൊരു ലക്ഷണം. നമ്മളെ മൂട്ടകൾ കടിക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ തന്നെയാണ് നമ്മുടെ വീട്ടിൽ മൂട്ടശല്യമുണ്ട് എന്നാണതിന്റെ പ്രഥമലക്ഷണം.

 

 

വെളുത്ത ഷീറ്റുകളിൽ ചിലപ്പോൾ ഇവയെ നമുക്ക് കാണാനുമാകും. മനുഷ്യരെപ്പോലെ മൂട്ടകൾക്കും ഇടക്കൊക്കെ ഒന്നു വിസർജ്ജിക്കേണ്ടതുണ്ട്. കറുത്ത നിറത്തിലുള്ള മൂട്ടകളുടെ വിസർജ്യവും ഇവയുടെ സാന്നിധ്യത്തിന്റെ തെളിവുകളാണ്. മൂട്ടകൾ നിങ്ങളുടെ കിടക്കയിൽ ധാരാളമുണ്ടെങ്കിൽ ഒരു പ്രത്യേകതരത്തിലുള്ള ദുർഗന്ധം കിടക്കയിൽ നിന്ന് പുറപ്പെടുകയും ചെയ്യും. ഒരു പറ്റം മൂട്ടകൾ ഒന്നിച്ച് അവയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അലാം ഫെറോമോണുകൾ എന്നറിയപ്പെടുന്ന കെമിക്കലുകൾ പുറത്തുവിടുമ്പോഴാണ് ഈ ഗന്ധം മനുഷ്യർക്ക് അനുഭവപ്പെടുക. 

ഇടയ്ക്കിടെ പുറം തൊലി പൊഴിക്കുന്ന പതിവും മൂട്ടകൾക്കുണ്ട്. അവയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ 'എക്സോ സ്കെലിറ്റനു'കൾ എന്നറിയപ്പെടുന്ന ഈ പുറംതൊലി അവ പൊഴിച്ചിടും. തലവെക്കുന്ന ഭാഗത്ത് ഇവയുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ചാലും നമുക്ക് മൂട്ടകളുടെ സാന്നിധ്യം തിരിച്ചറിയാനാകും. 

മൂട്ടശല്യം ഒഴിവാക്കാൻ എന്തുചെയ്യാം ?

മുറി നല്ലപോലെ വൃത്തിയാക്കുക എന്നതാണ് ഒരു വഴി. വൃത്തികേടായി കിടക്കുന്നിടങ്ങളിലാണ് സാധാരണ മൂട്ടകൾ വരിക. വാക്വം ക്ലീനർ കൊണ്ട് കിടക്കയിൽ പിടിച്ചാൽ ചില മൂട്ടകൾ പോയിക്കിട്ടും. കിടക്കയിലെ വിരിപ്പുകൾ മാറ്റി പുതിയ വിരിപ്പുകൾ വിരിക്കുക. കിടക്കകൾ വെയിലത്ത് കൊണ്ടിട്ട് നല്ല പോലെ ചൂടാക്കിയാൽ കിടക്കയിൽ കേറിക്കൂടിയ മൂട്ടകൾ ഇറങ്ങിപ്പൊയ്ക്കൊള്ളും. 

കഴിവതും കെമിക്കലുകൾ ഉപയോഗിക്കാതുള്ള ട്രീറ്റ്മെന്റാണ് നല്ലത് എങ്കിലും കട്ടിലിലും മറ്റും ഒളിച്ചിരിക്കുന്ന ചില മൂട്ടകളെ തുരത്താൻ അടച്ചിട്ടുള്ള ഫ്യൂമിഗേഷൻ അടിസ്ഥാനപ്പെടുത്തിയുള്ള കെമിക്കൽ ട്രീറ്റ്മെന്റ് തന്നെ വേണ്ടിവരും. കെമിക്കലുകൾ പ്രയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത ഉള്ളതിനാൽ, പല വികസിത രാജ്യങ്ങളും ഹോട്ട്, കോൾഡ്, സ്റ്റീം ട്രീറ്റ്മെന്റുകൾ ആണ് പ്രോത്സാഹിപ്പിച്ചു വരുന്നത്. 

പലവട്ടം പ്രയോഗിച്ച് പല പെസ്റ്റ് കൺട്രോൾ കെമിക്കൽസിനോടും ഇപ്പോൾ മൂട്ടകൾക്ക് റെസിസ്റ്റൻസ് ഉണ്ട്. മൂട്ടകൾക്ക് റെസിസ്റ്റൻസ് കിട്ടുന്നതിനനുസരിച്ച് കടുപ്പം കൂട്ടിക്കൂട്ടി ഇപ്പോൾ 'മൂട്ടകളെ കൊല്ലും' എന്ന് ഉറപ്പിച്ചു പറയുന്ന പല കെമിക്കലുകളും വളരെയധികം വിഷാംശമുള്ളതായതിനാൽ ബെഡ്റൂമിലും മറ്റും പ്രയോഗിക്കുന്നത് ഏറെ അപകടകരമായ ഒരു തെരഞ്ഞടുപ്പാണ്. കഴിവതും കെമിക്കൽസ് ഒഴിവാക്കുന്നതുതന്നെയാകും നല്ലത്.