നന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഏതു മാനസിക പ്രശ്നം അനുഭവപ്പെടുന്നവരിലും ഉറക്കക്കുറവ് ഒരു പ്രധാന ലക്ഷണമാണ് എങ്കിലും പലവിധമായ മാനസിക സമ്മർദ്ദം (stress) എന്നത് ഉറക്കക്കുറവിന് കാരണമായി പല ആളുകളിലും കാണാന്‍ കഴിയും. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പരാതികള്‍.

അമിതമായ ഫോണ്‍ ഉപയോഗവും, ഉറങ്ങാന്‍ കൃത്യമായ സമയം പാലിക്കാത്ത രീതിയും ഉറക്കക്കുറവിനു കാരണമായി കണ്ടുവരാറുണ്ട്. വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്. അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു. മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഉറക്കം അനിവാര്യമാണ്. 

ഉറക്കക്കുറവാണോ മാനസിക സമ്മർദ്ദമാണോ ആദ്യം അനുഭവപ്പെടുക?

രണ്ടു രീതിയിലും ആകാം. ചിലരില്‍ മാനസിക സമ്മർദ്ദം മൂലം ഉറക്കം നഷ്ടപ്പെടുന്നു എങ്കില്‍ മറ്റു ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നു എന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നതായും കാണാം. നന്നായി ഉറങ്ങാന്‍ കഴിയാതെ വരുന്നത് ജോലിയില്‍ ശ്രദ്ധ കുറയാനും, ശാരീരിക രോഗങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും. ഉറക്കക്കുറവിനു ചികിത്സ തേടുമ്പോള്‍ മാനസിക സമ്മർദ്ദം , മറ്റു മാനസിക പ്രശ്നങ്ങള്‍ എന്നിവ കൂടി നിങ്ങള്‍ തിരിച്ചറിയുകയും അവ എങ്ങനെ പരിഹരിക്കാം എന്നുകൂടി പഠിച്ചെടുക്കുകയും ചെയ്തെങ്കില്‍ മാത്രമേ ചികിത്സ പൂർണ്ണമായി എന്നു പറയാന്‍ കഴിയൂ.

ശരിയായി ഉറങ്ങാന്‍ കഴിയാത്ത ആളുകളില്‍ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള ആകുലത, രോഗം വരുമോ എന്ന ഭയം, മരണത്തെപ്പറ്റി പോലുമുള്ള ചിന്ത എന്നിവ കണ്ടുവരാറുണ്ട്. ആഴ്ചയിൽ കുറഞ്ഞത്‌ മൂന്നു ദിവസം അങ്ങനെ കുറഞ്ഞത്‌ ഒരു മാസം എങ്കിലും ഉറക്കമില്ലായ്മ നീണ്ടു നിൽക്കുന്നു എങ്കില്‍ ചികിത്സ തേടേണ്ടതാണ്. ഉറങ്ങാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും മദ്യത്തെ ആശ്രയിക്കുന്ന രീതി ദോഷം ചെയ്യും.

നല്ല ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍....

1.    വ്യായാമം.

ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ  ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം. വിഷാദം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും.

2.    ഉറങ്ങാൻ ക്യത്യമായി സമയം പാലിക്കാം .

ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.

3.    ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട.  

എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോർമോണിന്റെ ലെവൽ കുറയ്ക്കുകയും അതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. വെളിച്ചം/ സൂര്യപ്രകാശമുള്ള സമയങ്ങളില്‍ ഈ ഹോർമോണ്‍ ലെവല്‍ കൂടും. അതിനാല്‍ നല്ല ഉറക്കത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

4.    മനസ്സിനെ ശാന്തമാക്കാന്‍ ശീലിക്കാം.

മാനസിക സമ്മർദ്ദം മൂലം ഉറങ്ങാന്‍ കിടന്നതിനു ശേഷവും ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്ന അവസ്ഥ സൃഷ്ടിക്കും. അതിനാല്‍ മനസിനെ ശന്തമാക്കാനുള്ള റിലാക്സേഷന്‍ തെറാപ്പി പരിശീലിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. എന്താണ് ഉറക്കക്കുറവിന്റെ യഥാർത്ഥ കാരണം എന്നു കണ്ടെത്താന്‍ വിദഗ്‌ദ്ധ സഹായം തേടുക.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
Call: 8281933323
Telephone consultation available- Fees applicable