കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. മരുന്നധികം നല്‍കിയാല്‍ രോഗം വേഗം മാറുമെന്നാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാല്‍, അളവില്‍ വരുന്ന ചെറിയ വ്യത്യാസം പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്....

ഒരു കാരണവശാലും കുട്ടികൾക്ക് വീട്ടിലെ സ്പൂണിൽ മരുന്ന് നൽകരുത്. ചിലപ്പോൾ മരുന്നിന്റെ അളവ് കൂടാം. ചിലപ്പോൾ കുറഞ്ഞും പോകാം. ഒരു ടീസ്പൂൺ എന്നത് അഞ്ച് മി.ലിറ്റർ (5 എം.എൽ) ആണ് എന്ന് ഓർത്ത് വയ്ക്കുക.

രണ്ട്...

ചില കുട്ടികൾ എത്ര ശ്രമിച്ചാലും മരുന്ന് കുടിക്കാതെ തുപ്പിക്കളയാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഓറൽ സിറിഞ്ചുകൾ ഉപയോഗിച്ച് തുള്ളി തുള്ളിയായി നാവിൽ ഇറ്റിച്ച് നൽകാവുന്നതാണ്.

മൂന്ന്...

ഗുളിക നൽകുമ്പോള്‍ കുട്ടി അത് കഴിച്ചുവെന്ന് ഉറപ്പ് വരുത്തണം. ചില കുട്ടികൾ കയ്പ്പു മൂലം തുപ്പിക്കളയാറാണ് പതിവ്.
ഗുളിക വിഴുങ്ങാൻ പ്രയാസം ആണെങ്കിൽ കഞ്ഞിവെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ ലയിപ്പിച്ച് നൽകാം. ജ്യൂസ്, പാൽ തുടങ്ങിയ പാനീയങ്ങളിൽ മരുന്നു ലയിപ്പിച്ച് നൽകുന്നത് നല്ലതല്ലെന്ന് ഓർക്കുക.

നാല്...

ആന്റിബയോട്ടിക്കുകൾ അഞ്ചോ ആറോ ദിവസം കഴിക്കേണ്ടി വരാം. ഒന്നോ രണ്ടോ ദിവസം നൽകിയ ശേഷം ആന്റിബയോട്ടിക് ഒരിക്കലും നിർത്തിവയ്ക്കരുത്. ഡോസ് അടയാളപ്പെടുത്തിയ കപ്പുകളിൽ തന്നെ മരുന്ന് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.