സാലഡ് പൊതുവേ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു ഹെൽത്തി സാലഡിനെ കുറിച്ചാണ് പറയാൻ പോകുന്നത്.  വെള്ളരി, സവാള, കാരറ്റ്, തക്കാളി ഇങ്ങനെ ധാരാളം പച്ചക്കറികൾ ഇതിൽ ചേർക്കുന്നു.

വെള്ളരിയില്‍ വിറ്റാമിന്‍ കെ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും സവാളയില്‍ വിറ്റാമിന്‍ സിയും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിലും തക്കാളിയിലും വിറ്റാമിന്‍ എ, ആന്റിഓക്‌സിഡന്റ്, ലൈക്കോപ്പീന്‍ എന്നിവ ധാരാളമുണ്ട്. ഇവയെല്ലാം ചേർന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയായ സാലഡ് ആണെന്ന് തന്നെ പറയാം. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

വെള്ളരി                1 എണ്ണം
കാരറ്റ്                      1 കപ്പ്
പുതിന ഇലകള്‍   ഒരു പിടി
തക്കാളി                 ഒരു കപ്പ്
കുരുമുളക്            ആവശ്യത്തിന്
തെെര്                     1 കപ്പ്
സവാള                   ഒരു കപ്പ്
പച്ചമുളക്              2 എണ്ണം
 ഉപ്പ്                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചക്കറികളെല്ലാം ഉപ്പ് ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകുക. ഇതിനുശേഷം തണുത്ത വെള്ളത്തില്‍ ഒന്ന് കഴുകിയെടുക്കുക. ഇനി ഇവയെല്ലാം അരിഞ്ഞ് മാറ്റിവയ്ക്കുക.

 ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് തെെര് ചേര്‍ത്ത് മൃദുവായ പേസ്റ്റ് രൂപത്തിലാവുന്നതു വരെ നന്നായി അടിച്ചെടുക്കുക. 

ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികള്‍ ചേര്‍ത്ത് അതിന് മുകളില്‍ ഉപ്പും കുരുമുളകും ആവശ്യത്തിന് വിതറുക. ഇനി ഇതിനുമുകളില്‍ പുതിന ഇലകള്‍, പച്ചമുളക് അരിഞ്ഞത് എന്നിവ വിതറുക. ശേഷം ചപ്പാത്തിക്കൊപ്പമോ ചോറിനൊപ്പമോ അല്ലാതെയോ കഴിക്കാം...

രുചി കിടിലന്‍; കൊവിഡ് കാലത്തിന് പറ്റിയ മൂന്ന് സൂപ്പുകള്‍