Asianet News MalayalamAsianet News Malayalam

കൊറോണ വെെറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. 

how to prevent coronavirus
Author
Trivandrum, First Published Feb 2, 2020, 10:27 AM IST

കേരളത്തിൽ രണ്ടാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ സ്ഥിരീകരണം നടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിന് ഉള്ളത്. 

 ഈ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാൻ പട്ടണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.

ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. 

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഒന്ന്...

കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവർത്തി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

രണ്ട്...

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേർക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാൻ ആവാത്ത തുമ്മലുകൾ ഒരു തൂവാല കൊണ്ട് മറച്ചോ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്കോ ആയിക്കോട്ടെ.

മൂന്ന്...

രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.മത്സ്യമാംസാദികൾ നന്നായി പാകം ചെയ്യുക.

നാല്...

ഡോക്ടറെ കാണുന്നതിന് മുൻപ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാർഗം പകരുന്ന വ്യാധികളുടെ കൊടുക്കൽവാങ്ങലുകൾക്കു ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങൾ ആണിത്. ആശുപത്രിയിലേക്ക് കയറി വരുമ്പോൾ തന്നെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ സ്വയം അല്ലെങ്കിൽ മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഒരു മാസ്ക് ധരിക്കുന്നതു നന്നാവും. ഒന്നുമില്ലെങ്കിൽ ഒരു തൂവാല. മാസ്കും തൂവാലയും രോഗം ഒരാൾക്ക് കിട്ടാതിരിക്കുന്നതിനേക്കാൾ ആയിരങ്ങൾക്ക് കൊടുക്കാതിരിക്കാൻ ആവും സഹായകം.

അഞ്ച്...

 രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക.

ആറ്...

രോഗ ബാധിത പ്രദേശങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അന്താരാഷ്ട്ര തലത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റി നിർത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.


 

Follow Us:
Download App:
  • android
  • ios