സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ മൂന്നുപേരാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് എത്തിയത്.

 എയര്‍പോര്‍ട്ടിൽ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

ലക്ഷണങ്ങൾ...

1. പനി
2. ജലദോഷം
3. ചുമ
4. തൊണ്ടവേദന
5. ശ്വാസതടസം

വൈറസ് പടരുന്നത് .....

ഒന്ന്...

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. 

രണ്ട്...

 വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.  

മൂന്ന്....

വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍...

1. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. 
2. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. 
3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.  പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. 
4.മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്. 
5.വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ ന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. 
6.വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.  രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.