പ്രളയാനന്തരകാലത്തും മഴക്കാലത്തും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍  അവയെ പ്രതിരോധിക്കാനും ആരംഭത്തിലേ  തിരിച്ചറിയാനും എല്ലാവരും ജാഗ്രത പാലിക്കണം. പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്നതാണ് ഡെങ്കിപ്പനി. അൽപം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതും ആരംഭത്തില്‍തന്നെ ചികിത്സ നേടിയാല്‍ മരണം ഒഴിവാക്കാവുന്നതുമായ രോ​ഗമാണ് ഡെങ്കിപ്പനി. 

ഡെങ്കിപ്പനി എന്തുകൊണ്ട് ?

ആര്‍ബോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത്. അവ മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിക്കുന്നതാവട്ടെ ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന, രോഗാണുവാഹകരായ കൊതുകുകള്‍ കടിക്കുമ്പോഴാണ്.  ഈ കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. 

 സാധാരണ ലക്ഷണങ്ങള്‍...

ഡെങ്കിയുടെ തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോളമെടുത്തേക്കാം. ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക.
പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകള്‍ ഉള്ളതുകാരണമാണ് ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ഈ രോഗം വരുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ...

ഒന്ന്...

രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ് കൊതുകിന്റെ പ്രജനനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയും.

രണ്ട്...

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

മൂന്ന്...

കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

നാല്...

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.