ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. 120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്കുണ്ട്. കിഡ്നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. 

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. വൃക്ക തകരാർ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും. 

പ്രധാനമായി മൂന്ന് കാരണങ്ങൾ കൊണ്ടാണ് വൃക്കരോ​ഗമുണ്ടാകുന്നതെന്ന് വെയിൽ കോർണൽ മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമായ ജെയ്സൺ സി ബേക്കർ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുക, ഉയർന്ന കൊളസ്ട്രോൾ ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് വൃക്കരോ​ഗം അധികം ആളുകളിലും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചാൽ തന്നെ വൃക്കരോ​ഗം ഒരു പരിധി വരെ തടയാനാകുമെന്നും അദ്ദഹം പറയുന്നു. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് വൃക്കരോ​ഗം തടയുക മാത്രമല്ല ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റാനും സഹായിക്കുമെന്ന് ബേക്കർ പറഞ്ഞു. 

വൃക്കരോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

ശരീരത്തിൽ ജലാംശം കുറയുമ്പോൾ പ്രധാനമായി ബാധിക്കുന്നത് കിഡ്നിയെയാണ്. നാരങ്ങാവെള്ളം, സംഭാരം, തുളസിയില, രാമച്ചം, കരിങ്ങാലി ഇവയൊക്കെ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് ദാഹം കൂട്ടാം. ഉപ്പിന്റെ അമിതമായ ഉപയോഗം കിഡ്നി സ്റ്റോൺ സാധ്യത വർധിപ്പിക്കും.

രണ്ട്...

കാർബണേറ്റഡ് ഡ്രിങ്കുകൾ, കോളകൾ, ഓക്സലേറ്റ് സാന്നിധ്യം അധികമുള്ള പാനീയങ്ങൾ ഇവയൊക്കെ ഒഴിവാക്കുക. ജങ്ക് ഫുഡ്, പിസ, ബർ​ഗർ എന്നിവ പൂർണമായും ഒഴിവാക്കുക.

നാല്...

പ്രോട്ടീന്റെ അളവ് വളരെയേറെ കൂടിയ ഭക്ഷണം ഈ ചൂടുകാലത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കിഡ്നി തകരാർ ഉണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

അഞ്ച്...

നിരന്തരം ചായയോ കാപ്പിയോ കുടിക്കുന്നതും പ്രശ്നം തന്നെ. സംഗതി വെള്ളമൊക്കെയാണ്. പക്ഷേ, കാപ്പിയിലെ കഫീൻ നിർജലീകരണം ത്വരിതപ്പെടുത്തുമെന്നു കണ്ടെത്തിയിട്ടുണ്ട്. നിർജലീകരണം വൃക്കയുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കും.

ആറ്...

ഏത് അസുഖത്തിനായാലും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്. സ്വന്തമായി വാങ്ങിക്കഴിക്കുന്ന വേദനാസംഹാരികളിലെയും ആന്റിബയോട്ടിക്കുകളിലെയും ഘടകങ്ങൾ വൃക്കകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും.

ഏഴ്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ ഒഴിവാക്കുക. അത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാം. ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു.