ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് വൃക്കയിലെ കല്ല്. വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. സമീപകാലത്തായി വൃക്കരോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരികയാണ്. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്.
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് വൃക്കയിലെ കല്ല് (കിഡ്നി സ്റ്റോൺ). വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്.
മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം, തലകറക്കവും ഛർദ്ദിയും തുടങ്ങിയവയൊക്കെ ചിലപ്പോള്‍ ലക്ഷണങ്ങളാകാം.
കിഡ്നി സ്റ്റോൺ വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...
ഒന്ന്...
വൃക്കയിലെ കല്ല് വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം.
രണ്ട്...
ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും.
മൂന്ന്...
കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക.
നാല്...
കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും. ഇതിനായി പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവ കഴിക്കാം.
അഞ്ച്...
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ആറ്...
നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്‍റെ ജ്യൂസ് കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഏഴ്...
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
