ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും, പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ, ഇരുപത് സെക്കന്റിൽ ഒരു മരണത്തിന് ഈ ന്യുമോണിയ എന്ന വില്ലൻ കാരണക്കാരനാകുന്നു. 

ബാക്ടരിയകൾ, വൈറസുകൾ, ഫംഗസുകൾ പ്രോട്ടോസോവകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നതെന്ന് അമേരിക്കൻ ലങ് അസോസിയേഷൻ പറയുന്നു. തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിലേക്ക് എത്തുന്നതാണ് (aspiration) ഒട്ടുമിക്ക ന്യുമോണിയകളുടെയും കാരണം. 

അണുബാധയുള്ള ആളുകളുടെ ശ്വസനം വഴി പുറംതള്ളപ്പെടുന്ന ചെറു കണികകൾ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധ തൊണ്ടയിൽ എത്തുന്നത്. സാധാരണ കാണപ്പെടുന്ന ഒട്ടു മിക്ക ന്യൂമോണിയകളും ബാക്ടീരിയായോ വൈറസോ മൂലമുള്ളവയാണ്. ഫം​ഗസ്, protozoa തുടങ്ങിയവ മൂലമുള്ള ന്യൂമോണിയ അപൂർവമാണ്. 

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത്തരം ന്യൂമോണിയകൾ കൂടുതലായി കാണപ്പെടുന്നത്. കഠിനമായ പനി, ചുമ, തലവേദന, ഛർദ്ദ, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. അസുഖം കൂടുതൽ തീവ്രമാവുന്നതോടെ രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാം. പ്രായമായവരിൽ പൊതുവെ ആരോഗ്യവും പ്രതിരോധ ശേഷിയും കുറവായത് കാരണം ന്യൂമോണിയ സാധ്യത കൂടുതലാണ്. 

എങ്ങനെ തടയാം...?

1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കലും ശുചിത്വവുമാണ് പ്രധാന ലക്ഷ്യങ്ങൾ.

 2. കുട്ടികൾക്ക് വാക്സിനുകൾ കൃത്യമായി നൽകുക. കൂടാതെ, വാക്സിൻ മൂലം തടയാൻ പറ്റുന്ന അഞ്ചാംപനി, വില്ലൻ ചുമ എന്നിവ വന്നാൽ അതിനു പിറകേ കൂടുതൽ അപകടകരമായ ബാക്ടീരിയ കൊണ്ടുള്ള ന്യൂമോണിയ വരാൻ സാധ്യത കൂടുതലാണ് എന്ന കാര്യവും വാക്സിനുകളുടെ പ്രാധാന്യത്തെ ഉറപ്പിക്കുന്നു.

3. ആറു മാസം വരെ മുലപ്പാൽ മാത്രം നൽകുക. അതിനു ശേഷം രണ്ടു വയസ്സു വരെ മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാലും നൽകുക.

4. പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക. ഇത് രോഗപ്രതിരോധ ശേഷിയെ നിലനിർത്തും.

5. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക. പൊടി പുക തുടങ്ങിയ അലർജിക്ക് കാരണമാകുന്ന അന്തരീക്ഷം ഒഴിവാക്കുക.