Asianet News MalayalamAsianet News Malayalam

മഴക്കാലരോ​ഗങ്ങൾ; ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കണേ...

മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ‍ടൈഫോയ്ഡ്, കോളറ, ഛർദി, അതിസാര രോഗങ്ങൾ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്.

how to prevent rainy season diseases flood
Author
Trivandrum, First Published Aug 10, 2019, 12:37 PM IST

മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അസുഖങ്ങളെയാണ്. പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്പം ശ്രദ്ധ പതിപ്പിച്ചാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും. ഈ മഴക്കാലത്ത് ഏതൊക്കെ അസുഖങ്ങൾ പിടിപെടാം, എന്തൊക്ക കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം...

ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ്...

മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ‍ടൈഫോയ്ഡ്, കോളറ, ഛർദി, അതിസാര രോഗങ്ങൾ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്. വൃത്തിഹീനമായ  സാഹചര്യങ്ങളിൽ കഴിയുന്ന ഭക്ഷണം അമീബിയാസിനും വിരബാധയ്ക്കുമൊക്കെ കാരണമാകാം. കൈകാലുകളിൽ മുറിവുകളില്ലാത്തവർക്കും എലിപ്പനിബാധ ഉണ്ടാകാറുണ്ട്. മലിനമായ കുടിവെള്ളത്തിലെ രോഗാണുക്കൾ തൊണ്ടയിലെയും വായിലെയും ശ്ലേഷ്മ ചർമത്തിലൂടെ ശരീരത്തിനുളളിൽ കടക്കുന്നതാണ് രോഗകാരണം.

വെളളം തിളപ്പിച്ച് മാത്രം കുടിക്കുക...

വെളളം തിളപ്പിക്കുന്നതാണ് ശുദ്ധീകരിക്കാനുളള ഏറ്റവും ലളിതവും പ്രായോഗികവുമായ മാർഗം. വെളളം തിളപ്പിച്ച് ഏതാനും സെക്കൻഡുകൾക്കുളളിൽത്തന്നെ കോളറയ്ക്കും മറ്റ് ഛർദ്ദി അതിസാര രോഗങ്ങൾക്കും കാരണമായ രോഗാണുക്കൾ നശിക്കുന്നു. ടൈഫോയിഡിനും അമീബിയാസിനും കാരണമായ രോഗാണുക്കളും വെളളം ഏതാനും മിനിറ്റുകൾ വെട്ടിത്തിളയ്ക്കുമ്പോഴേക്കും നശിച്ചു പോകും. എന്നാൽ മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകൾ നശിക്കണമെങ്കിൽ വെളളം അഞ്ചു മിനിറ്റെങ്കിലും നന്നായി വെട്ടിത്തിളയ്ക്കണം. തിളപ്പിച്ച കുടിവെളളം ചൂടാക്കാനുപയോഗിച്ച പാത്രത്തിൽത്തന്നെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ഐസിട്ടു വച്ച ഭക്ഷണം ഒഴിവാക്കുക....

ഐസ്ക്രീമിലും ഐസിട്ടു വച്ച ഭക്ഷണസാധനങ്ങളിലും ടൈഫോയ്ഡ് ബാക്ടീരിയ മാസങ്ങളോളം നിലനിൽക്കും. കോളറയ്ക്കു കാരണമായ ബാക്ടീരിയയും ഐസിട്ട ഭക്ഷണ സാധനങ്ങളിൽ ആഴ്ചകളോളം നിലനിൽക്കും. തണുത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. നന്നായി പാകം ചെയ്ത ആഹാരം വൃത്തിയുളള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാനും ചൂടോടെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

രോഗം പരത്തുന്ന രോഗാണുവാഹകർ...

മഴക്കാല രോഗങ്ങളായ ടൈഫോയിഡും കോളറയുമൊക്കെ പരത്തുന്നതിൽ രോഗാണുവാഹകർക്ക് മുഖ്യ പങ്കുണ്ട്. രോഗ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമാണ് രോഗാണുക്കൾ വിസർജിക്കപ്പെടുന്നത്. രോഗാണുവാഹകരുടെ (കാരിയേഴ്സ്) പിത്തസഞ്ചിയിലാണ് രോഗാണുക്കൾ‌ ദീർഘനാൾ നിലനിൽക്കുന്നത്. രോഗങ്ങൾ വരുമ്പോൾ ചികിത്സ പൂർണമായ കാലയളവിൽ ചെയ്യാതിരിക്കുന്നതാണ് രോഗാണുവാഹകരെ സൃഷ്ടിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios