ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയർ കൂടാനുള്ള കാരണമെന്താണെന്ന് മനസിലാക്കിയാൽ കുടവയർ വളരെ എളുപ്പം കുറയ്ക്കാം.വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. അടിവയറ്റിലെ കൊഴുപ്പ് അകറ്റാൻ ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സ്നാക്സ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. ടിവി കാണുമ്പോൾ പതിവായി എന്തെങ്കിലും സ്നാക്സ് കഴിക്കാറുണ്ടോ. സ്നാക്സ് കഴിക്കുമ്പോൾ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ, ഫാറ്റി ലിവറിനും കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു. 

രണ്ട്...

ഫേസ് ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യൽ മീഡിയയുടെ ഉപയോ​ഗം പൊണ്ണത്തടി, ബെല്ലി ഫാറ്റ് എന്നിവയ്ക്ക് കാരണമാകാമെന്നാണ് പഠനം പറയുന്നത്. ഹാര്‍വഡ് ഹെല്‍ത്ത് ബ്ലോഗ്‌ ആണ് ഈ പഠനം നടത്തിയത്. 

മൂന്ന്...

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് കുടവയർ കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. 

നാല്...

ശരീരഭാരം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകുന്നു.

അഞ്ച്...

ജങ്ക് ഫുഡിന്റെ അമിത ഉപയോ​ഗം ശരീരത്തിൽ കൊഴുപ്പ് കൂട്ടാമെന്നാണ് പഠനങ്ങൾ പറയുന്നത്. ബർ​ഗർ, സാൻവിച്ച്, പിസ പോലുള്ള ഭക്ഷണങ്ങൾ ശരീരഭാരം പെട്ടെന്ന് കൂട്ടുകയും നിരന്തരമായി ആമാശയ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യാമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.