മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ​ഗ്രീൻ ടീ. പഥനോള്‍ അഥവാ വൈറ്റമിന്‍ ബി ഗ്രീന്‍ ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു. 

അണുബാധകള്‍ തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്. കഷണ്ടിയ്ക്ക് കാരണമായ ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്സ് കാരണമാകുന്നു. തണുത്ത ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക. 

കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. ഹെന്ന പോലുള്ളവ തലയില്‍ പുരട്ടുമ്പോള്‍ ഇതില്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. ഹെന്ന മാത്രമല്ല, ഹെയര്‍ പായ്ക്കുകളിലും ഇത് ഉപയോ​ഗിക്കാം. മുടിയുടെ ആരോ​ഗ്യത്തിന് ​ഗ്രീൻ‌ ടീ മൂന്ന് വിധത്തിൽ ഉപയോ​ഗിക്കാം....

ഒന്ന്...

 രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും മൂന്ന് ടീസ്പൂൺ ​ഗ്രീൻ ടീയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഇത് മുടിയിൽ പുരട്ടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. താരൻ അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കും.

രണ്ട്...

രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും മൂന്ന് ടീസ്പൂൺ ​ഗ്രീൻ ടീയും ചേർത്ത് തലയിൽ പുരട്ടാവുന്നതാണ്. 15 മിനിറ്റോളം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

മൂന്ന്...

രണ്ട് ടീസ്പൂൺ നാരങ്ങ നീരും മൂന്ന് ടീസ്പൂൺ ​ഗ്രീൻ ടീയും ചേർത്ത് തലയിൽ ഇടുക. പത്തോ പതിനഞ്ച് മിനിറ്റോ മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. എല്ലാ ദിവസവും ഇത് ഉപയോ​ഗിക്കാവുന്നതാണ്. മുടിയ്ക്ക് ബലം കിട്ടാനും താരൻ അകറ്റാനും ഇത് സഹായിക്കും.