അനാരോഗ്യകരമായ ജീവിതശൈലികളുടെ ഭാഗമായി ശരീരവണ്ണം കൂടിവരുന്നത് ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മോശം ഡയറ്റ്, വ്യായാമമില്ലായ്മ, ഉറക്കത്തിലെ ക്രമക്കേടുകള്‍, മാനസിക സമ്മര്‍ദ്ദം എന്നീ ഘടകങ്ങളാണ് ശരീരഭാരം കൂടുന്നതിലേക്ക് പൊതുവേ നമ്മെയെത്തിക്കുന്നത്. 

പലരും വണ്ണം കൂടുന്നുവെന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ ബുദ്ധിമുട്ടി വ്യായാമം ചെയ്യാനും ഡയറ്റ് ക്രമീകരിക്കാനുമെല്ലാം ശ്രദ്ധിക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ പ്രത്യേകം കരുതലെടുക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. കുടിവെള്ളത്തിന്റെ അളവ്. 

ദാഹിക്കുമ്പോള്‍ മാത്രം വെള്ളമന്വേഷിക്കുന്നവരാണ് നമ്മളില്‍ അധികം പേരും. എന്നാല്‍ ദാഹം അനുഭവപ്പെടുമ്പോള്‍ മാത്രമല്ല ശരീരത്തിന് വെള്ളം ആവശ്യമായി വരുന്നത്. അല്ലാത്തപ്പോഴും ശരീരത്തിന് വെള്ളത്തിന്റെ ആവശ്യമുണ്ട്. അത് വേണ്ട അളവില്‍ അകത്തെത്തിയില്ലെങ്കില്‍ നിങ്ങള്‍ എത്ര വര്‍ക്കൗട്ട് ചെയ്താലും ഡയറ്റ് ശ്രദ്ധിച്ചാലുമൊന്നും പ്രതീക്ഷിച്ചത്ര ഭംഗിയായ ഫലം ഉണ്ടാവുകയില്ല. 

 

 

കാരണം, കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കാനും, വ്യായാമത്തിന് ഗുണമുണ്ടാകാനും, ശരീരത്തിന്റെ ആകെ ധര്‍മ്മങ്ങള്‍ ചിട്ടയായി മുന്നോട്ടുപോകാനുമെല്ലാം വെള്ളം അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ 3.5 ലിറ്റര്‍ വെള്ളമെങ്കിലും പ്രതിദിനം കുടിക്കേണ്ടതുണ്ട്. ഇത് ഒരുമിച്ച് ചുരുക്കം തവണകളായല്ല കുടിക്കേണ്ടത്, മറിച്ച് ഇടവിട്ട് അല്‍പാല്‍പമായി വേണം കുടിക്കാന്‍. 

എങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ വെള്ളം സഹായകമാകുന്നത്?

വെള്ളം, ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന അനാവശ്യ പദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് മലബന്ധം, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ എന്നീ പ്രശ്നങ്ങളെ ഒഴിവാക്കുന്നു. നമുക്കറിയാം, ദഹനപ്രവര്‍ത്തനങ്ങള്‍ മുഴുവനായി നല്ലരീതിയില്‍ നടന്നാല്‍ മാത്രമേ, വണ്ണം കുറയ്ക്കാനായി നമ്മള്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുകയുള്ളൂ. 

അതുപോലെ തന്നെ ശരീരത്തിലെത്തുന്ന കൊഴുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന ഊര്‍ജ്ജമാക്കി നമ്മള്‍ മാറ്റിയെടുക്കുന്നുണ്ട്. ഈ പ്രക്രിയ ത്വരിതപ്പെടുത്താനും അതുവഴി കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും വെള്ളം സഹായിക്കുന്നു. 

 

 

ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം സൂചിപ്പിക്കാം. പലപ്പോഴും അതിയായി ദാഹിക്കുകയും അതുവഴി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ പലരും അത് വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കാന്‍ തിടുക്കപ്പെടാറുണ്ട്. ചില സമയങ്ങളില്‍ ഭക്ഷണം കഴിച്ച് അല്‍പസമയത്തിന് ശേഷം പോലുമാകാം ഈ അനുഭവം. അപ്പോഴും എന്തെങ്കിലും സ്നാക്സിലേക്ക് അഭം പ്രാപിക്കാനാണ് മിക്കവരും ശ്രമിക്കുക. 

ഇത് ഇടയ്ക്കിടെയുള്ള ഭക്ഷണം കഴിപ്പ് വര്‍ധിപ്പിക്കുകയും ശരീരവണ്ണം കൂടാനിടയാക്കുകയും ചെയ്യുന്നു. സമയത്തിന് ഭക്ഷണം കഴിച്ചതാണെങ്കില്‍ പിന്നീട് വിശപ്പ് അനുഭവപ്പെടുന്നതായി തോന്നിയാല്‍ എളുപ്പം, ഒരു ഗ്ലാസം വെള്ളമങ്ങ് കുടിക്കുക. അതോടെ വിശപ്പ് ശമിച്ചതായി തോന്നും. ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.

Also Read:- വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 'സ്‌പെഷ്യല്‍ ടീ'...