Asianet News MalayalamAsianet News Malayalam

ഇടയ്ക്കിടെ തലവേദന അനുഭവപ്പെടാറുണ്ടോ? കാരണം കണ്ടെത്താം...

വളരെ നിസാരമായ ജീവിതശൈലീ മാറ്റങ്ങള്‍ തൊട്ട് കാര്യമായ അസുഖങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ, തലവേദനയുടെ കാരണം കണ്ടെത്തുകയെന്നത് നിര്‍ബന്ധമായ കാര്യമാണ്
 

hypertension may lead one to headache
Author
Trivandrum, First Published Feb 10, 2021, 7:55 PM IST

ചിലര്‍ ഇടയ്ക്കിടെ തലവേദനയെ കുറിച്ച് പരാതി പറയുന്നത് കേള്‍ക്കാറില്ലേ? ഇങ്ങനെ ഇടവിട്ട് തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. വളരെ നിസാരമായ ജീവിതശൈലീ മാറ്റങ്ങള്‍ തൊട്ട് കാര്യമായ അസുഖങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാകാറുണ്ട്. 

അതിനാല്‍ തന്നെ, തലവേദനയുടെ കാരണം കണ്ടെത്തുകയെന്നത് നിര്‍ബന്ധമായ കാര്യമാണ്. ഇനി, തലവേദനയ്ക്ക് കാരണമായേക്കാവുന്ന ഒരു ആരോഗ്യാവസ്ഥയെ കുറിച്ചാണ് പറയുന്നത്. 

രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ (ബിപി കൂടുമ്പോള്‍) ഇത്തരത്തില്‍ തലവേദന അനുഭവപ്പെടാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടെക്കൂടെ ഉയരുന്നവര്‍, അതിന് വേണ്ട ചികിത്സ നിര്‍ബന്ധമായും എടുത്തേ മതിയാകൂ. അല്ലെങ്കില്‍ അത് ക്രമേണ ഹൃദയത്തെ വരെ ദോഷമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 

 

hypertension may lead one to headache

 

പലപ്പോഴും ബിപിയില്‍ വ്യത്യാസം വരുന്നത് നമ്മള്‍ അറിയാതെ പോകാം. വളരെ സങ്കീര്‍ണമായ അവസ്ഥകളില്‍ മാത്രമാണ് ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി വരൂ. 

'ബിപി ഉയരുന്നത് വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഗൗരവമേറിയ സാഹചര്യമാണ്. പലരും അത് നിസാരമായി കൈകാര്യം ചെയ്യുന്നത് കാണാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാം ഉയര്‍ന്ന ബിപി എത്തിച്ചേക്കാം. പ്രമേഹം കഴിഞ്ഞാല്‍ പിന്നെ വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന മറ്റൊരു കാരണമാണ് ബിപി....'- കണ്‍സള്‍ട്ടന്റ് ഫിസീഷ്യനായ ഡോ. ഗൗരംഗി ഷാ പറയുന്നു.

ബിപി ഉയരുമ്പോള്‍ ചിലരില്‍ അതിന്റെ ലക്ഷണമായി തലവേദന കാണാമെന്നും എന്നാല്‍ എല്ലാവരിലും ഇത് കണ്ടേക്കില്ലെന്നും ഡോക്ടര്‍ പറയുന്നു. 

 

hypertension may lead one to headache

 

'ബിപി കൂടുന്നതിന് അനുസരിച്ച് തലയോട്ടിയുടെ ഭാഗങ്ങളില്‍ സമ്മര്‍ദ്ദമനുഭവപ്പെടുന്നതോടെയാണ് തലവേദനയുണ്ടാകുന്നത്. ഇത് പെയിന്‍ കില്ലര്‍ മൂലം ഒഴിവാക്കാനും സാധ്യമല്ല. ബിപി സാധാരണനിലയില്‍ ആയാല്‍ മാത്രമേ ഈ തലവേദനയും ഭേദമാകൂ. അതിനാല്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷവും തലവേദന തുടരുന്നുണ്ടെങ്കില്‍ അത് ബിപിയിലെ വ്യതിയാനമാകാമെന്ന് അനുമാനിക്കേണ്ടതുണ്ട്...'- ഡോക്ടര്‍ പറയുന്നു. 

കൃത്യമായ ഡയറ്റും ഉറക്കവും വ്യായാമവും വലിയൊരു പരിധി വരെ ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കും. ശരീരഭാരം പ്രായത്തിനും ഉയരത്തിനും അനുസരിച്ച് സൂക്ഷിക്കുക. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക എന്നിവയാണ് ബിപി ഉയരാതിരിക്കാന്‍ എടുക്കാവുന്ന മറ്റ് കരുതലുകള്‍. ബിപി വ്യതിയാനം കണ്ടെത്തിയാല്‍ അത് ലാഘവത്തോടെ കാണാതെ ആവശ്യമായ പരിശോധനയോ ചികിത്സയോ തേടേണ്ടതും നിര്‍ബന്ധമാണ്. 

Also Read:- രക്തസമ്മര്‍ദ്ദം ഉയരുന്നത് സൂചിപ്പിക്കുന്ന ചില പ്രധാന ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios