Asianet News MalayalamAsianet News Malayalam

Hypertension Treatment : ബിപിയുണ്ടോ? നിയന്ത്രിക്കാം വീട്ടിലിരുന്ന് തന്നെ, ഇതാ മാര്‍ഗങ്ങള്‍...

ഇന്ത്യയില്‍ എട്ടിലൊരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു

hypertension treatment methods at home
Author
Trivandrum, First Published Jun 25, 2022, 9:53 AM IST

ബിപി, അഥവാ രക്തസമ്മര്‍ദ്ദം പലപ്പോഴും നിസാരമായൊരു പ്രശ്നമായാണ് മിക്കവരും കരുതാറ്. എന്നാല്‍ ബിപി മൂലം പല സങ്കീര്‍ണതകളും പിന്നീട് ഉയരാം. ഹൃദയാഘാതം ( Heart Attack )  , പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മെ എത്തിച്ചേക്കാം. ഹൃദയാഘാതം ( Heart Attack ) സംഭവിക്കുന്ന രോഗികളില്‍ മിക്കപ്പോഴും ബിപി ഉയരുന്നത് അതിന് കാരണമായി വാരറുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ ബിപിയെ ചെറിയൊരു പ്രശ്നമായി കാണാന്‍ സാധിക്കില്ല. 

ഇന്ത്യയില്‍ എട്ടിലൊരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ (Hypertension Treatment  ) രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല പല അസുഖങ്ങളുടെയും കാരണമായോ, അവയിലേക്ക് നയിക്കുന്ന ഘടകമായോ ബിപി വരാം. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് പ്രധാനമാണ്. ചികിത്സ തേടേണ്ടവരാണെങ്കില്‍ നിര്‍ബന്ധമായും ചികിത്സയും തേടേണ്ടതുണ്ട്. ഒപ്പം തന്നെ ജീവിതരീതികളില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരാം. അത്തരത്തില്‍ വീട്ടില്‍ വച്ചുതന്നെ ബിപി നിയന്ത്രിക്കാന്‍ സഹായകമായ (Hypertension Treatment  )  ചില മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അമിതമായ മദ്യപാനം, പതിവായ മദ്യപാനം എന്നിവയെല്ലാം ബിപി ഉയര്‍ത്തുന്നതിന് കാരണമായി വരാം. വീട്ടില്‍ വച്ച് പതിവായി മദ്യപിക്കുന്നവരാണെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.  മദ്യപാനം നിര്‍ത്തുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മദ്യപിക്കുന്നവരും അപകടത്തില്‍ തന്നെയാണ്. ഇവരിലും ബിപി മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതകളേറെയാണ്. 

രണ്ട്...

'മഗ്നീഷ്യം' നല്ല അളവില്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബിപി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പല പഠനങ്ങളും നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

മൂന്ന്...

മഗ്നീഷ്യത്തിനൊപ്പം തന്നെ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണവും ബിപിക്ക് നല്ലത് തന്നെ. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂണ്‍, ഉണക്കമുന്തിരി, ഈന്തഴം, ട്യൂണ, മുന്തിരി എന്നിവയെല്ലാം ഇത്തരത്തില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. 

നാല്...

പുകവലി ശീലമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും അത് അവസാനിപ്പിക്കണം. ബിപിയില്‍ പെട്ടെന്ന് വ്യതിയാനം വരുന്നതിന് പുകവലി വലിയ കാരണമാകും. 

അഞ്ച്...

പതിവായ വ്യായാമവും ബിപി നിയന്ത്രിക്കാന്‍ ഏറെ സഹായകം തന്നെ. ശാരീരികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയില്‍ ബിപിയില്‍ വ്യതിയാനം വരാന്‍ ധാരാളം സാധ്യതകളുണ്ട്. അതുപോലെ ശരീരവണ്ണം കൂടുന്നതും ബിപിയുള്ളവര്‍ക്ക് നല്ലതല്ല. ഇതിനും വ്യായാമം അനിവാര്യമാണ്.  

ആറ്...

ബിപിയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. പലപ്പോഴും ഏറ്റവുമധികം നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു കാര്യമാണിത്. ബിപിയുള്ളവര്‍ ഉപ്പ് ഒഴിവാക്കണമെന്നത്.   ഉപ്പ് പരമാവധി കുറച്ച് കഴിക്കുന്നതാണ് എല്ലായ്പോഴും നല്ലത്. പതിവായി, നല്ലരീതിയില്‍ ഉപ്പ് ഉപയോഗിച്ചാല്‍  ബിപി മാത്രമല്ല പക്ഷാഘാതം, വൃക്കരോഗങ്ങള്‍, തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയിലേക്കെല്ലാം നാം എത്തിയേക്കാം. അതേസമയം ബിപി കുറഞ്ഞവര്‍ ഇടയ്ക്ക് ഉപ്പിട്ട വെള്ളമോ മറ്റ് പാനീയങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഇക്കാര്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം ചെയ്യുക. 

Also Read:- നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അസുഖങ്ങള്‍

Follow Us:
Download App:
  • android
  • ios