ദില്ലി: കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുൾപ്പടെ ഇറക്കുമതി ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ‌ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ (എഫ്എസ്എസ്എഐ). പക്ഷെ, അസംസ്കൃതമായതോ വേവിക്കാത്തതോ ആയ മാംസവും സംസ്കരിച്ചിട്ടില്ലാത്ത ഭക്ഷ്യോൽപന്നങ്ങളും കഴിക്കരുതെന്ന് എഫ്എസ്എസ്എഐ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് ഭക്ഷണത്തിലൂടെ പകരുമോ എന്ന് പരിശോധിക്കുന്നതിനായി എഫ്എസ്എസ്എഐ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, ഭക്ഷണത്തിലൂടെ പകരുന്നതിന്റെ നിർണായക തെളിവുകളൊന്നും കമ്മിറ്റി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ചിക്കൻ ഉൾപ്പെടെയുള്ള വേവിച്ച മാംസാഹാരങ്ങൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ വേവിക്കാത്ത മാംസവും ഭക്ഷ്യോൽപന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കാൻ കമ്മിറ്റി നിർദ്ദേശിച്ചു.

Read More: 'കൊറോണ'; മത്സ്യ-മാംസാഹാരങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടോ?

ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ ശരിയായി പാചകം ചെയ്തതിനുശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. അസംസ്കൃത പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോ​ഗിക്കാവൂ എന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. കൊറോണ വൈറസ് പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുക. തുമ്മൽ, ചുമ, മലിനമായ കൈകൾ എന്നിവയിലൂടെ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.