Asianet News MalayalamAsianet News Malayalam

മൂഡ് പ്രശ്നങ്ങളും വിശപ്പില്ലായ്മയും നെഞ്ചിടിപ്പും; നിങ്ങള്‍ നടത്തേണ്ട പരിശോധന...

എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇങ്ങനെ നിസാരമാക്കരുത്. തുടര്‍ച്ചയായി ഇവ കാണുന്നപക്ഷം തീര്‍ച്ചയായും അത് പരിശോധനാവിധേയമാക്കേണ്ടതുണ്ട്. 

increased heartbeats and mood swings can be sign of low magnesium hyp
Author
First Published May 27, 2023, 7:26 PM IST

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ശരീരവേദനയോ, തലവേദനയോ. ചെറിയ പനിയോ, ജലദോഷമോ, ദഹനപ്രശ്നങ്ങളോ എല്ലാമാണ് സാധാരണഗതിയില്‍ ഇത്തരത്തില്‍ മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളായി വരാറ്.

ഇവയെല്ലാം തന്നെ അധികപേരും നിസാരമാക്കി കളയാറാണ് പതിവ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇങ്ങനെ നിസാരമാക്കരുത്. തുടര്‍ച്ചയായി ഇവ കാണുന്നപക്ഷം തീര്‍ച്ചയായും അത് പരിശോധനാവിധേയമാക്കേണ്ടതുണ്ട്. 

സമാനമായ രീതിയില്‍ നിങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന അവശ്യഘടകങ്ങളിലൊന്നായ 'മഗ്നീഷ്യം' കുറയുന്ന അവസ്ഥയെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. 

മഗ്നീഷ്യം കുറയുന്നത് ഇത്ര പേടിക്കേണ്ട അവസ്ഥയാണോ എന്ന സംശയം വേണ്ട. ഏത് അവശ്യഘടകമാണെങ്കിലും കുറയുന്നത് ക്രമേണ ആരോഗ്യത്തെയും നമ്മുടെ ദൈനംദിന കാര്യങ്ങളെയും ജോലിയെയും കുടുംബജീവിതത്തെയുമെല്ലാം ബാധിക്കാം. അത്തരത്തില്‍ മഗ്നീഷ്യം കുറയുന്നത് മൂലം നിങ്ങള്‍ നേരിട്ടേക്കാവുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ കാണുന്നപക്ഷം തീര്‍ച്ചയായും മഗ്നീഷ്യം കുറവുണ്ടോയെന്നത് പരിശോധിക്കാനായി നിങ്ങളൊരു ഡോക്ടറെ കാണേണ്ടതുണ്ട്. 

ഒന്ന്...

പേശികളിലെ ബലക്കുറവാണ് മഗ്നീഷ്യം കുറയുന്നത് മൂലം നമ്മള്‍ നേരിടാൻ സാധ്യതയുള്ളൊരു പ്രശ്നം. പേശീവേദനയും ഇതോടെ പതിവാകാം. ഇങ്ങനെ കാണുന്നുവെങ്കില്‍ തീര്‍ച്ചയായും മഗ്നീഷ്യം കുറവാണോ എന്നത് പരിശോധിച്ചുറപ്പിക്കേണ്ടതാണ്. 

രണ്ട്...

പല കാരണങ്ങള്‍ കൊണ്ടും നാം നേരിട്ടേക്കാവുന്നൊരു പ്രശ്നമാണ് വിശപ്പില്ലായ്മ. ഇതിന് പിന്നിലും മഗ്നീഷ്യം കുറവ് കാരണമായി വരാം. അതിനാല്‍ വിശപ്പില്ലായ്മ തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ അത് പരിശോധനാവിധേയമാക്കുക. 

മൂന്ന്...

മേല്‍പ്പറഞ്ഞ പോലെ തന്നെ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നൊരു പ്രശ്നമാണ് ഉയര്‍ന്ന നെഞ്ചിടിപ്പും. ഇതും പതിവാകുന്നത് ഒരുപക്ഷേ മഗ്നീഷ്യം കുറയുന്നത് മൂലമാകാം. നെഞ്ചിടിപ്പ് ഉയരുന്നത് തീര്‍ച്ചയായും അടിയന്തരമായി തന്നെ പരിശോധനയ്ക്ക് വിധേയമാക്കേണ്ട പ്രശ്നമാണ്. കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും ഇത് സൂചിപ്പിക്കുന്നു. 

നാല്...

ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും മഗ്നീഷ്യം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. അതിനാല്‍ തന്നെ മഗ്നീഷ്യം കുറയുമ്പോള്‍ അത് ബിപി ഉയരുന്നതിലേക്കും നയിക്കാം. പതിവായി ബിപി വ്യതിയാനം കാണുന്നുവെങ്കിലും പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക. കാരണം ബിപി മാറുന്നത് ആരോഗ്യത്തിന് വലിയ ഭീഷണി തന്നെയാണ്. 

അഞ്ച്...

നമ്മുടെ മാനസികാവസ്ഥ മാറുന്നതിലും മഗ്നീഷ്യത്തിന് പങ്കുണ്ട്. അതിനാല്‍ മഗ്നീഷ്യം നില കുറയുമ്പോള്‍ അത് മൂഡ് സ്വിംഗ്സ് അഥവാ മാനസികാവസ്ഥ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥയിലേക്കും നയിക്കാം. ഈ പ്രശ്നം എപ്പോഴും നിങ്ങളെ അലട്ടുന്നുണ്ടെങ്കിലും മഗ്നീഷ്യം കുറവുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 

കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് മഗ്നീഷ്യം കൂട്ടാൻ സാധിക്കുക. നട്ട്സ്, ഡാര്‍ക് ചോക്ലേറ്റ്, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാമാണ് ഏറ്റവും സുലഭമായി നമുക്ക് കിട്ടുന്ന മഗ്നീഷ്യത്താല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍.

Also Read:- രാത്രിയില്‍ ഇടവിട്ട് പനി, വിശപ്പില്ലായ്മയും വണ്ണം കുറയലും; ഏറെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

 

Follow Us:
Download App:
  • android
  • ios