ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. 70 ശതമാനം കൂടുതല്‍ വ്യാപന സാധ്യതയുള്ള ജനിതക മാറ്റം സംഭവിച്ച വൈറസ് ഡിസംബറിലാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കുകയാണ് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.

 പുതിയ കൊവിഡ് വൈറസ് അതിവേഗം പടരുന്നതാണെന്ന് രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഡിസംബറിന് മുമ്പ് ഈ വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‌‌സെപ്റ്റംബര്‍ മാസം അവസാനത്തോടെ രാജ്യത്ത് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. 

അതേസമയം, ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് രണ്‍ദീപ് ഗുലേറിയ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ അനുമതി നല്‍കിയിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറയുന്നു. 

ഇന്ത്യയിൽ കൊറോണ വാക്‌സിന് ദിവസങ്ങൾക്കകം അനുമതി ലഭിക്കുമെന്ന് രൺദീപ് ഗുലേരിയ പറഞ്ഞു. ബ്രിട്ടണിൽ ഓക്‌സ്ഫഡ്- അസ്ട്രാസെനക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത് വലിയൊരു നേട്ടമായി തന്നെയാണ് കാണുന്നതെന്നും ഇന്ത്യയിലും അനുമതി ഉടൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ സംഭരിച്ച് വയ്ക്കാൻ സാധിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിനുകൾ സാധാരണ ഫ്രിഡ്ജുകളിലും സൂക്ഷിക്കാം. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരിച്ച് വെയ്‌ക്കേണ്ട ഫൈസർ വാക്‌സിനേക്കാൾ സുതാര്യമാണ് ഓക്‌സ്ഫഡ് വാക്‌സിനെന്ന് അദ്ദേഹം പറഞ്ഞു. 

ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിൻ വിതരണം സാധ്യമാകും : എയിംസ് ഡയറക്ടര്‍