മധ്യപ്രദേശിലെ ബാല്‍ഗട്ടിലാണ് അത്ഭുതമായ സംഭവം നടന്നത്. കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ സഞ്ജയ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. 

ഭോപ്പാല്‍: തലയിലൂടെ കമ്പി തുളച്ച് കയറി മറു വശത്ത് വന്നിട്ടും ബോധം പോലും പോകാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ സഞ്ജയ്(21) എന്ന യുവാവിന്റെ തലയില്‍ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴും സഞ്ജയ്യുടെ ബോധം പോയിരുന്നില്ല.

മധ്യപ്രദേശിലെ ബാല്‍ഗട്ടിലാണ് അത്ഭുതമായ സംഭവം നടന്നത്. കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ സഞ്ജയ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തിയെന്നാണ് സുഹൃത്തുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്.

നാഗ്പൂരിലെ ആശുപത്രിയില്‍ സഞ്ജയ് ഇപ്പോള്‍ ചികിത്സയിലാണ്. തലയ്ക്കകത്തെ സുപ്രധാന രക്തക്കുഴലുകളില്‍ ഒന്നിലും തട്ടാതെയാണ് കമ്പി തുളച്ചു കയറിയത്. യുവാവിന്റെ ബോധം നശിക്കാതിരുന്നതും ജീവന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടതും ഇതുകൊണ്ടാണെന്ന് ഡോക്ടറുമാര്‍ പറഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കമ്പി പുറത്തെടുത്തത്.