രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ക്കും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ തന്നെ ഇവരുടെ ആയുസ് മറ്റുള്ളവരെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞുവരികയാണെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വിയോഗമായിരുന്നു ഗുജറാത്തില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധിയുടേത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു നാല്‍പത്തിയൊന്ന് വയസ് മാത്രമുള്ള ഡോക്ടറുടെ അന്ത്യം. പതിനാറായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം മൂലം തന്നെ ഇദ്ദേഹത്തിന്‍റെയും അന്ത്യം സംഭവിച്ചത് ഏവരെയും വലിയ രീതിയില്‍ തന്നെ ബാധിച്ചിരുന്നു.
ഈ സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ തൊഴില്‍ പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഏറെ ഗൗരവമുള്ള ചില നിരീക്ഷണങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയാണ് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐഎംഎ) പുണെ ചാപ്റ്റര്‍.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ക്കും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ തന്നെ ഇവരുടെ ആയുസ് മറ്റുള്ളവരെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞുവരികയാണെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 55-59 ആണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറെ ആശങ്കപ്പെടുത്തുന്നൊരു നിരീക്ഷണമാണിത്. മറ്റുള്ളവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 69-72 ആയിരിക്കുമ്പോഴാണ് ഏവരുടെയും ആരോഗ്യത്തിന് കാവലാകുന്ന ഡോക്ടര്‍മാരുടെ അവസ്ഥ ഇങ്ങനെ പരിതാപകരമായിത്തീരുന്നത്.
ഹൃദയാഘാതം, പ്രമേഹം, ബിപി പോലുള്ള അസുഖങ്ങളാണ് അധികവും ഡോക്ടര്‍മാരെയും പ്രതിസന്ധിയിലാക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
'ഡോക്ടര്‍മാരെ എല്ലാവരും ശക്തരായ വിഭാഗമായിട്ടാണ് കാണുന്നത്. ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും തരണം ചെയ്ത് എത്തുന്നവര്‍ തന്നെയാണ് ഡോക്ടര്‍മാര്‍. അതുപോലെ എങ്ങനെയാണ് ആരോഗ്യകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നും അവര്‍ക്കറിയാം. പക്ഷേ അവര്‍ക്കത് പ്രായോഗികതലത്തില്‍ എത്തിക്കാൻ സാധിക്കുന്നില്ല...
മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ഉപദേശങ്ങളൊന്നും സ്വയം പാലിക്കാത്ത വിഭാഗമാണ് ഡോക്ടര്‍മാരുടേത്. വലിക്കരുത് എന്ന് ഉപദേശിക്കും, പക്ഷേ സ്വന്തം കാര്യത്തിലേക്ക് വരുമ്പോള്‍ പുകവലി നിര്‍ത്തില്ല. മദ്യപിക്കുന്ന കാര്യവും അങ്ങനെ തന്നെ.ഓരോ ദിവസത്തെയും തിരക്ക് പിടിച്ച ജോലിക്കിടയില്‍ വല്ല സ്നാക്സോ മറ്റോ ആയിരിക്കും പതിവായി ഭക്ഷണമായി കഴിക്കുന്നത്. ഉറക്കത്തിന്‍റെ കാര്യം പറയാനുമില്ല. ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ടത് ഉറക്കമാണ്. എന്നാല്‍ വേണ്ടത്ര സമയം ഉറങ്ങുന്ന ഡോക്ടര്‍മാര്‍ എത്ര പേരുണ്ട് എന്നൊന്ന് പരിശോധിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ...'- മുംബൈയില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ധൻ ഡോ. കൗശല്‍ ഛത്രപതി പറയുന്നു.
മോശം ഭക്ഷണം, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നിവയ്ക്ക് പുറമെ സ്ട്രെസും ഡോക്ടര്‍മാരെ വളരെയധികം ബാധിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു. രോഗികളില്‍ നിന്നും, ജോലിസംബന്ധമായുമെല്ലാം ഡോക്ടര്‍മാര്‍ക്ക് കിട്ടുന്ന സ്ട്രെസ് കണക്കില്ലാത്തതാണെന്നും ഇതും മറ്റ് മോശം ജീവിതശൈലികളും കൂടിയാകുമ്പോള്‍ ഇവര്‍ അപകടത്തിലാവുകയാണെന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നത്.
ദിവസവും വ്യായാമം ചെയ്യാനും മനസ് 'റിലാക്സ്ഡ്' ആക്കാൻ സഹായിക്കുന്ന വിനോദങ്ങളിലേര്‍പ്പെടാനും, കൃത്യമായ ഇടവേളകളില്‍ അവധിയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവിടാനും ഏത് തിരക്കിലും സ്വന്തം ഭക്ഷണം- ഉറക്കം എന്നിവ ഉറപ്പാക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകണം എന്നാണിവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒപ്പം തന്നെ എല്ലാ വര്‍ഷവും വിശദമായ ചെക്കപ്പ് നടത്തുകയും പ്രമേഹം- ബിപി പോലുള്ള ജീവിതശൈലീരോഗങ്ങളുണ്ടെങ്കില്‍ അത് അപ്ഡേറ്റ് ചെയ്ത് പോകണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
Also Read:- എങ്ങനെയാണ് 'ഡിമെൻഷ്യ' മനസിലാക്കുക? ഇത് സ്വയം തിരിച്ചറിയാൻ കഴിയുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

