ഇന്ന് ഓഗസ്റ്റ് 26- ലോക നായ ദിനം. വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. 

ഇന്ന് ഓഗസ്റ്റ് 26- ലോക നായ ദിനം (International Dog Day). മനുഷ്യരോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. പലരും വിലകൂടിയ വിദേശ ബ്രീഡുകളുടെ പിന്നാലെ പോകുമ്പോഴും തെരുവുനായകളുടെ സംരക്ഷണവും ഉറപ്പ് വരുത്തേടതാണ്. 

നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നു. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.

പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിന്‍ എടുക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ എന്തൊക്കെ...?

  • പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ
  • നായയുടെ വായിൽ നിന്നും നുരയും പതയും വരിക
  •  അക്രമ സ്വഭാവം കാണിക്കുക 
  • പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക 
  • ഭക്ഷണം കഴിക്കാതെയാവുക
  • പിൻ‌കാലുകൾ തളരുക
  • നടക്കുമ്പോൾ വീഴാൻ പോവുക

വളര്‍ത്തുമൃഗങ്ങളില്‍ നിന്നടക്കം മനുഷ്യരിലേക്ക് പേവിഷബാധയുണ്ടാകാം. പ്രധാനമായും റാബീസ് എന്ന പേവിഷബാധയുടെ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കെത്തുന്നത് ചെറിയ മുറിവുകളിലൂടെയാണ്.

മനുഷ്യരില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍...

കടിയേറ്റ ഭാ​ഗത്ത് ചൊറിച്ചിൽ, മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, പനി, തൊണ്ടവേദന, ക്ഷീണം, ഛർദി ശബ്ദത്തിലുള്ള വ്യത്യാസം, ഉറക്കമില്ലായ്മ തുടങ്ങിയവ ഉണ്ടാകാം. 

മൃഗങ്ങളുടെ ആക്രമണം, അത് കടിയോ മാന്തോ എന്തുണ്ടായാലും ഉടന്‍ തന്നെ മുറിവ് സോപ്പുപയോഗിച്ച് നന്നായി കഴുകുക. ഇതിന് ശേഷം കൈകള്‍ വൃത്തിയാക്കുക. പിന്നീട് ആരും മുറിവില്‍ സ്പര്‍ശിക്കരുത്. ഉടനെ തന്നെ കുത്തിവയ്‌പെടുക്കാന്‍ ആശുപത്രിയില്‍ എത്തുക. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലുമെല്ലാം വാക്‌സിന്‍ തീര്‍ത്തും സൗജന്യമായി ലഭിക്കും. 

Also Read: യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് കട്ടെടുക്കുന്ന നായ; രസകരമായ വീഡിയോ