ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. 

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും കരുതലിനെയും സ്നേഹത്തെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തിലാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് ആണ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി പ്രഖ്യാപിച്ചത്.

ആതുരസേവനരംഗത്ത്‌ നഴ്സുമാർ സമൂഹത്തിനു നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് മെയ്‌ ഈ ദിനം ആചരിക്കുന്നത്. 1974-ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് മെയ് 12 ലോകമെമ്പാടുമുള്ള നഴ്‌സുമാരെ ആഘോഷിക്കുന്നതിനുള്ള ഒരു ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. നഴ്‌സുമാരുടെ കരുതലും ദയയും സഹാനുഭൂതിയും പലപ്പോഴും രോഗികളുടെ ക്ഷേമത്തിനും വീണ്ടെടുക്കലിനും കാരണമാകുന്നു. ഈ പ്രത്യേക ദിനത്തിൽ, നഴ്‌സുമാരുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങളും ആശംസകളും അയച്ചുകൊണ്ട് അവര അഭിനന്ദിക്കാറുണ്ട്. 

ഓരോ വര്‍ഷവും നഴ്‌സസ്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ പ്രത്യേക പ്രമേയം ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ നഴ്‌സസ്‌ പ്രഖ്യാപിക്കാറുണ്ട്‌. "നഴ്‌സുമാര്‍: നയിക്കാനൊരു ശബ്ദം- ഗുണമേന്മ നല്‍കിയും സമത്വം ഉറപ്പാക്കിയും" എന്നതാണ്‌ ഈ വര്‍ഷത്തെ രാജ്യാന്തര നഴ്‌സസ്‌ ദിന പ്രമേയം. ഈ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മേഖലയില്‍ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് മലയാളി നഴ്സുമാരുടെ സേവനം ലോകം മുഴുവൻ അംഗീകരിച്ചതാണ്. നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ മുഖവും ഈ ദിവസം നമ്മുക്ക് ഓര്‍ക്കാതെ പോകാന്‍ കഴിയില്ല.