നാഗ്പൂര്‍: തല വഴി കമ്പി കയറിയിറങ്ങിയിട്ടും സംസരിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവ് അത്ഭുതമാകുന്നു. സഞ്ജയ് ബാഹെ എന്ന ഇരുപത്തിയൊന്നുകാരനാണ് വീഴ്ചയ്ക്കിടെ തലയിലൂടെ കയറിയിറങ്ങിയ കമ്പിയുമായി ആശുപത്രിയിലെത്തിയത്. 

നിര്‍മ്മാണത്തൊഴിലാളിയായ സഞ്ജയ് ഒരു കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കയറില്‍ തൂങ്ങി, കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തി. 

കൂടെയുണ്ടായിരുന്നവര്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെനിന്ന് നാഗ്പൂരിലുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. നാഗ്പൂരിലെത്തുമ്പോഴും സഞ്ജയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തലയില്‍ കുത്തിക്കയറിയ കമ്പി പുറത്തെടുത്തു. തലയ്ക്കകത്തെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്നും തട്ടാതെ, തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.