നമ്മളില്‍ മിക്കയാളുകളുടെയും ശീലമാണ് രാത്രി ഫാന്‍ ഫുള്‍ സ്പീഡിലിട്ട് ഉറങ്ങുന്നത്. അത് ഇപ്പോള്‍ ചൂടായാലും ശരി തണുപ്പായാലും.  ഫാന്‍ ഇല്ലെങ്കില്‍ ഉറക്കം വരാത്തവരും നമ്മുക്കിടയിലുണ്ട്. രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. രാത്രി മുഴുവന്‍ മുറിയില്‍ ഇങ്ങനെ ഫാനിട്ട് കിടന്നുറങ്ങുമ്പോള്‍ അലര്‍ജി, ആസ്തമ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ്  അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നു. 

ഫാനിടുമ്പോള്‍ കിടപ്പുമുറിയിലെ  പൊടി പറന്ന് ആസ്തമയുടെയും അലര്‍ജിയുടെയും പ്രശ്നങ്ങളുളളവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പൊടി നിറഞ്ഞ മുറിയാണെങ്കില്‍ രാത്രി ഫാനിട്ടുറങ്ങുന്നതില്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. രാത്രി ഫാനിട്ട് ഉറങ്ങുമ്പോള്‍ മുറിയില്‍ വെന്‍റിലേഷന്‍ ഉണ്ടൊയെന്ന് ഉറപ്പു വരുത്തണം.

മുറിയില്‍ എല്ലായിടത്തും ഒരുപോലെ കാറ്റ് ലഭിക്കുന്ന സീലിങ് ഫാന്‍ മിതമായ സ്പീഡില്‍ ഇടുന്നതാണ്  നല്ലത്. ഫാനിന്‍റെ നേരെ ചുവട്ടില്‍ കിടക്കുന്നതും ഒഴിവാക്കണമെന്ന് ഡോ. അര്‍ഷാദ്  പറയുന്നു. മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ വിഷയത്തെ കുറിച്ച് പല പഠനങ്ങളും മുന്‍പ് നടന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ Lenox Hill ഹോസ്പിറ്റലിലെ പള്‍മനോളജിസ്റ്റും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. രാത്രി ഫാന്‍ ഇടുമ്പോള്‍ ആസ്തമ, അലര്‍ജിയുളളവര്‍ ഒന്ന് ശ്രദ്ധിക്കണമെന്നും പഠനത്തില്‍ പറയുന്നു.