ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം നിരവധി ദമ്പതികൾ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ഇങ്ങനെയുള്ള ദമ്പതികൾക്ക് ഏറെ ആശ്വാസം നൽകുന്നു ഒന്നാണ് ഐവിഎഫ്‌ ചികിത്സ രീതി. വന്ധ്യത ചികിത്സ രീതിയെ പറ്റി എറണാകുളം എആര്‍സി ഇന്റര്‍നാഷണല്‍ ഫെര്‍ട്ടിലിറ്റി ആന്റ്‌ റിസേര്‍ച്ച്‌ സെന്റിലെ കണ്‍സള്‍ന്റ്‌ ഗൈനോക്കോളജിസ്‌റ്റായ ഡോ.ആരതി കുമാർ സംസാരിക്കുന്നു.

കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞ്‌ ഉണ്ടാകണമെന്ന ചിന്തയാണ്‌ ഇന്നുള്ളത്‌. ആദ്യം ദമ്പതികള്‍ക്കിടയില്‍ തന്നെ ധാരണ വേണം. ഒരു വര്‍ഷം തുടരെ യാതൊരു ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഉപയോഗിക്കാതെ ശ്രമിച്ചിട്ടും ആകാത്ത അവസ്ഥയെയാണ്‌ വന്ധ്യതയെന്ന്‌ പറയുന്നത്. പ്രായം കുറഞ്ഞ ദമ്പതികള്‍ ഒരു വര്‍ഷം ശ്രമിച്ചിട്ടും കുഞ്ഞുണ്ടാകുന്നില്ലെങ്കിൽ നിര്‍ബന്ധമായും ഒരു ഡോക്ടറെ കാണുകയാണ് വേണ്ടതെന്ന് ഗൈനോക്കോളജിസ്‌റ്റായ ഡോ.ആരതി കുമാർ പറയുന്നു. 

പ്രായം കൂടിയ ദമ്പതികള്‍ ആറ്‌ മാസം വരെ ശ്രമിച്ചിട്ടും ആയില്ലെങ്കില്‍ മാത്രമേ ഐവിഎഫ്‌ ചികിത്സയെ കുറിച്ച് ചിന്തിക്കാൻ പാടുള്ളൂവെന്ന് ഡോ.ആരതി പറയുന്നു .പ്രായം കൂടിയവര്‍ ചികിത്സ നടത്താന്‍ സമയമില്ലാത്തവര്‍ ഐവിഎഫ്‌ നടത്താം. ട്യൂബല്‍ പ്രശ്‌നമുള്ളവര്‍, പ്രായം കൂടിയ ദമ്പതികള്‍, ബീജത്തിന്റെ എണ്ണം കുറവുള്ളവർ ഇങ്ങനെയുള്ളവരിലാണ്‌ ഐവിഎഫ്‌ ചികിത്സ പ്രധാനമായി ചെയ്യാറുള്ളതെന്നും ഡോ.ആരതി പറഞ്ഞു. 

മാനസികമായും ശാരീരികമായും ഒരുപാട്‌ തയ്യാറെടുപ്പുകള്‍ നടത്തേണ്ട ഘട്ടമാണ് ഐവിഎഫ്‌ ചികിത്സ. ഐവിഎഫ്‌ ചികിത്സ തീരുമാനിച്ച്‌ കഴിഞ്ഞാല്‍ കൗണ്‍സിലിങ്‌ കൊടുക്കാറുണ്ട്‌. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താൻ പറയാറുണ്ട്. ടെൻഷൻ കുറയ്ക്കുക, ശരീരഭാരം കുറയ്‌ക്കുക, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്‌ പറയാറുണ്ടെന്നും ഡോ.ആരതി പറയുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണുക...