‘കൂടുതൽ ദുഖിക്കുന്നത് നിർത്തു ഐ ആം എ സൂപ്പർ ഹീറോ’പാതി മലയാളത്തിലും 'മംഗ്ലീഷി'ലുമായി മുന്നാസ് എന്ന ജോസ് റെയ്നി കുറിച്ചിട്ട വാക്കുകൾ ഒരു സഫല യാത്രയെ കുറിച്ചുള്ള കാവ്യം പോലെ ഒരുപിടി ആളുകൾക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു.

‘കൂടുതൽ ദുഖിക്കുന്നത് നിർത്തു ഐ ആം എ സൂപ്പർ ഹീറോ’പാതി മലയാളത്തിലും 'മംഗ്ലീഷി'ലുമായി മുന്നാസ് എന്ന ജോസ് റെയ്നി കുറിച്ചിട്ട വാക്കുകൾ ഒരു സഫല യാത്രയെ കുറിച്ചുള്ള കാവ്യം പോലെ ഒരുപിടി ആളുകൾക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. തലച്ചോറിനെ കാർന്നുതിന്ന ട്യൂമറിനെ പോലും എന്ത് രസമായിട്ടാണ് ജോസ് സ്വീകരിച്ചത്. ആ അതിശയിപ്പിക്കുന്ന ആത്മവിശ്വാസം തന്നെയാവണം 'ചിൽ' ആയ അവന്റെ മരണ പരസ്യത്തിലേക്കെത്തിച്ചതും.

ഒല്ലൂർ സ്വദേശി ജോസ് റെയ്നി പൊരുതിയാണ് കീഴടങ്ങിയത്. ട്യൂമർ ജീവനെടുക്കുമെന്ന് ഉറപ്പായപ്പോഴും ആശുപത്രി കിടക്കയിലിരുന്ന് ടിഷ്യു പേപ്പറിൽ ചെറു കുറിപ്പുകളെഴുതി ഉറ്റവരെ പ്രത്യാശയിൽ ചേർത്തു നിർത്തി. ഒടുവിൽ സ്വന്തം ചരമ അറിയിപ്പു പോലും തയാറാക്കി വച്ച് ജോസ് റെയ്നി യാത്ര പറയുമ്പോൾ അത് അതിജീവന പാതയിൽ നിരവധി ജീവനുകൾക്ക് ആത്മവിശ്വാസം നൽകുന്ന പോരാട്ട വീര്യമായിരുന്നു.

മരണം തൊട്ടടുത്ത് നിൽക്കുമ്പോൾ , പ്രിയപ്പെട്ടവർ ആ വേദന കണ്ട് മരവിച്ച് നിൽക്കുമ്പോൾ മുന്ന എഴുതി നൽകിയതായിരുന്നു ഈ വാക്കുകൾ...‘കൂടുതൽ ദുഖിക്കുന്നത് നിർത്തു ഐ ആം എ സൂപ്പർ ഹീറോ'. ബിബിഎ കഴിഞ്ഞ് എംബിഎക്ക് പഠിക്കാൻ തയ്യാറെടുക്കുമ്പോൾ ആണ് രോഗം മുന്നയെ കാർന്നു തിന്നുന്നത് അവരറിയുന്നത്. കീമോ തെറാപ്പിയുടെ വേദന മറക്കാൻ കുഞ്ഞൻ കാറുകൾ കൂട്ടിവച്ചു മുന്ന. രോഗമറിഞ്ഞതിന് ശേഷവും അവൻ വേറുതേ ഇരുന്നില്ല, പർവതങ്ങൾ കയറി, യാത്രകൾ പോയി. ശസ്ത്രക്രിയക്കായി തലമുടി വടിച്ചപ്പോൾ ചിരിച്ചുകൊണ്ട് സെൽഫി എടുത്ത് കൂട്ടുകാർക്ക് അയച്ചുകൊടുത്തു. രോഗത്തിന് കീഴടങ്ങുമ്പോഴും ഉറ്റവർക്ക് പ്രത്യാശ പകർന്നു.

Read more: കോൺഗ്രീറ്റ് പാളികൾക്കിടയിൽ കുടങ്ങി കിടന്നത് മൂന്ന് ദിവസം, തെരുവ് നായയ്ക്ക് കിലോമീറ്ററുകൾ താണ്ടി രക്ഷകരെത്തി

മുന്ന മൂന്ന് വർഷം ട്യൂമറിനെയും തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയകളെയും ചികിത്സകളെയും എല്ലാ പുഞ്ചിരിയോടെ നേരിട്ടു. ഗിറ്റാറിലൂടെ ബീറ്റിൽസ് സംഗീതം പൊഴിച്ച് ചുറ്റും പ്രകാശമേകിയവൻ. അവസാനം ഇങ്ങനെ എഴുതി അവൻ മടങ്ങി. ‘നിങ്ങളോടൊപ്പം ചിൽ ആവാൻ ഞാൻ ഇനി അവിടെയില്ലെന്ന് എനിക്കറിയാം, ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി’മരണമുഖത്തെ മുന്നാസിന്റെ ആ ചിരിക്കുന്ന വാക്കുകൾ, അതായിരുന്നു അവന്റെ ചരമ അറിയിപ്പായി പത്രത്തിൽ അച്ചടിച്ചതും. മുന്നയുടെ മുറിയിൽ അവന്റെ കുഞ്ഞ് ഗിത്താറിൽ ഉമ്മവച്ചും, കത്തിലൂടെ കണ്ണോടിച്ചും അമ്മയും അപ്പനും സഹോദരിമാരും പറയുന്നത് ഇതു തന്നെ, എല്ലാവർക്കും അവൻ ആത്മവിശ്വാസം പകർന്നുകൊണ്ടേയിരുന്നു. ഇപ്പോഴും അതെ.