ജൂൺ 14- ലോക രക്തദാന ദിനം. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ എന്നതാണ് ഈ വർഷത്തെ സന്ദേശം. 

ഇന്ന് ജൂൺ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വർഷത്തെ സന്ദേശം. 

ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍വചനം. ജീവന്‍ രക്ഷിക്കാന്‍ മനുഷ്യ രക്തം ആവശ്യമാണ്. ഒരുതുള്ളി രക്തം ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളുമാണ് പലപ്പോഴും ജനങ്ങളില്‍ ഭയം നിറയ്ക്കുകയും രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാന്‍ കാരണമാകുന്നത്. 

ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍?

  • എച്ച്‌ഐവി/എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല. 
  • മലേറിയ വന്നിട്ടുള്ളവര്‍ അതിനു ശേഷം 12 മാസത്തിനുള്ളില്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല. 
  •  മഞ്ഞപ്പിത്തം പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല.
  • മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.
  •  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, പ്രമേഹ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല. 
  • സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല. 
  • ടാറ്റൂ, ബോഡി പിയേഴ്സിങ് ഇവ ചെയ്തവർ ആറുമാസത്തേക്ക് രക്തദാനം ചെയ്യരുത്.

Also Read: രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് 65% പ്രതിരോധശേഷി; പഠനം നടത്തിയത് ആരോഗ്യപ്രവര്‍ത്തകരില്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona