ദില്ലി: കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ മുന്നിൽ നിന്ന് പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. ഉറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ജീവനായി ആ​ഘോരാത്രം പ്രയത്നിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരും. ഇപ്പോഴിതാ അടിയന്തിര ശസ്ത്രിക്രിയയ്ക്ക് വിധേയനായ യുവാവിന് രക്തം ദാനം ചെയ്ത് മാതൃകയാവുകയാണ് ഒരു ഡോക്ടർ.

ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർ മുഹമ്മദ് ഫവാസാണ് സെപ്റ്റിക് ഷോക്ക്(രക്തസമ്മർദം ഗണ്യമായി താഴുന്ന ഗുരുതരാവസ്ഥ, വിവിധ ആന്തരാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കും) ബാധിച്ച യുവാവിന്റെ ശസ്ത്രക്രിയയ്ക്ക് രക്തം ദാനം ചെയ്തത്. സമയത്തിന് ദാതാവിനെ ലഭ്യമാകാത്തതോടെയാണ് ഫവാസ് ഈ കാരുണ്യ പ്രവർത്തി ചെയ്തത്.

ആശുപത്രിയിലെ ശസ്ത്രക്രിയാ വകുപ്പിൽ ഡ്യൂട്ടി ചെയ്യുന്ന ആളാണ് ഫവാസ്. ചൊവ്വാഴ്ചയാണ് സെപ്റ്റിക് ഷോക്ക് ബാധിച്ച യുവാവും ഭാ​​ര്യയും ആശുപത്രിയിൽ എത്തിയത്. ആഴത്തിലുള്ള പരിക്ക് മൂലം യുവാവിന്റെ കാലിനാണ് സെപ്റ്റിക് ഷോക്ക് ബാധിച്ചത്. അണുബാധ കാൽ മുഴുവൻ വ്യാപിക്കുന്ന അവസ്ഥ ആയതിനാൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് യുവാവിനെ വിധേയനാക്കുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രക്തം നൽകാൻ ഇയാളുടെ ബന്ധുവിന് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല. ഇതോടെയാണ് ഫവാസ് രക്തം നൽകാൻ മുന്നോട്ട് വന്നത്.

“ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ എന്റെ കടമയാണ് ചെയ്തത്. മഹാമാരി മൂലം രക്തത്തിന് ക്ഷാമമുണ്ട്, രോഗിക്ക് അടിയന്തിരമായി രക്തം ആവശ്യമായിരുന്നു. രോഗിയുടെ കുടുംബം രക്തം ക്രമീകരിക്കാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. ഇതോടെയാണ് രക്തം കൊടുക്കാൻ തീരുമാനിച്ചത്” ഫവാസ് പറയുന്നു. പിന്നീട് ഫവാസ് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘം രോഗിക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അതേസമയം, ഫവാസിന്റെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.