അറിയപ്പെടുന്ന പല പ്രമുഖ വ്യക്തിത്വങ്ങളുടെയും, പ്രത്യേകിച്ച് സിനിമാ- ഫാഷന്‍ മേഖലയില്‍ നിന്നുള്ളവരുടെയും വസ്ത്രധാരണം സാധാരണക്കാരുടെ സൗന്ദര്യബോധത്തിനും അപ്പുറമാകാറുണ്ട്. 'ഇതെന്ത് സ്റ്റൈലാണ്' എന്ന് ചോദിപ്പിക്കുന്ന തരത്തില്‍ പുതുമയുള്ളതും വ്യത്യസ്തമായതുമായ ഫാഷനില്‍ പലരും പൊതുവേദികളില്‍ പ്രത്യക്ഷപ്പടാറുമുണ്ട്. 

ഇത്തരത്തില്‍ കാഴ്ചക്കാരില്‍ ഏറെ കൗതുകം നിറയ്ക്കുന്നൊരു ഔട്ട്ഫിറ്റിലാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് നടിയും മോഡലുമായ കെല്ലി ഒസ്‌ബോണ്‍ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തത്. 

ഇതിന്റെ ഫോട്ടോകളും വീഡിയോകളും പിന്നീട് വൈറലാവുകയും ചെയ്തിരുന്നു. കെല്ലിയുടെ വസ്ത്രമല്ല, മറിച്ച് മുഖത്ത് ഒരു കണ്ണിന് മുകളിലായി അണിഞ്ഞിരിക്കുന്ന 'ഐ പാച്ച്' ആണ് ഏവരും ശ്രദ്ധിച്ചത്. സംഭവം 'സ്റ്റൈലിഷ്' ആയിട്ടുണ്ടെങ്കിലും നേരത്തേ സൂചിപ്പിച്ചത് പോലെ സാധാരണക്കാര്‍ക്ക് ഇതത്ര ദഹിച്ചിട്ടില്ല. പലരും ഇതെച്ചൊല്ലി കെല്ലിയെ കളിയാക്കുക വരെ ചെയ്തു. 

എന്നാല്‍ ഈ 'ഐ പാച്ച്' കെല്ലി വെറുതെ അണിഞ്ഞതല്ല എന്നതാണ് സത്യം. മേക്കപ്പിനിടെ മസ്‌കാര തട്ടി കണ്ണിനകത്ത് പരിക്ക് പറ്റിയതോടെ സുരക്ഷയ്‌ക്കെന്നോണം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണത്രേ കെല്ലി 'ഐ പാച്ച്' അണിഞ്ഞത്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനങ്ങരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും താന്‍ അനങ്ങിയതിനാലാണ് പരിക്ക് പറ്റിയതെന്നും, പരിക്ക് മാറിയാലും കണ്ണിനകത്ത് പാട് വീഴുമെന്ന് താന്‍ ഭയപ്പെടുന്നതായും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചൊരു വീഡിയോയില്‍ കെല്ലി, ആരാധകരോടായി പറഞ്ഞിരുന്നുവത്രേ. 

ഫാഷന്‍ രംഗത്ത് തന്റേതായ അടയാളം പതിപ്പിച്ചിട്ടുള്ള നടി കൂടിയാണ് മുപ്പത്തിയാറുകാരിയായ കെല്ലി. എന്തായാലും കണ്ണിന് പറ്റിയ പരിക്കിനെ തുടര്‍ന്ന് ധരിക്കേണ്ടി വന്ന 'ഐ പാച്ച്' ഒരു 'ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്' ആക്കാനാണ് കെല്ലിയുടെ ഇപ്പോഴത്തെ ശ്രമം.

Also Read:- 'കണ്ണ് വേദനിക്കുന്നുവെന്ന് പറഞ്ഞു, പിന്നെ മകളുടെ കണ്ണില്‍ നിന്ന് വന്നത് ഇതാണ്...'