തിരുവനന്തപുരം: അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച യുവതിയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് സര്‍ക്കാരിന്റെ 'കനിവ് 108'. സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' പ്രവര്‍ത്തനം തുടങ്ങിയത്. 

സേവനം തുടങ്ങി രണ്ടാം ദിവസം തന്നെ രണ്ട് ജീവന്‍ രക്ഷിക്കാനായതിന്റെ സംതൃപ്തിയിലാണ് 'കനിവ് 108'ലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ എസ് എ ഗണേശും പൈലറ്റായ ആര്‍ വി രതീഷ് കുമാറും.

കിളിമാനൂരില്‍ നിന്നാണ് കോള്‍ സെന്ററിലേക്ക് ആ വിളിയെത്തിയത്. കേശവപുരം സ്വദേശിയായ സുനില്‍ കുമാറിന്റെ ഭാര്യ അനിത, തീയ്യതി ആകും മുമ്പേ തന്നെ വീട്ടില്‍ വച്ച് പ്രസവിച്ചിരിക്കുകയാണ്. അനിതയുടേയും കുഞ്ഞിന്റേയും നില ഓരോ നിമിഷവും വഷളായിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു പിന്നീട് ഫോണിലൂടെ കേട്ടത്. 

കഴിയും വേഗത്തില്‍ 'കനിവ് 108' ഇവരുടെ വീട്ടിലെത്തി. ഓര്‍ക്കാപ്പുറത്ത് പ്രസവം നടന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയിരുന്നു വീട്ടുകാര്‍. പ്രസവം നടന്നയുടന്‍ തന്നെ അവര്‍ കത്രികയുപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ മറുപിള്ള പൂര്‍ണ്ണമായും ഗര്‍ഭപാത്രത്തിനകത്ത് തന്നെയാവുകയായിരുന്നു. അനിതയ്ക്കാണെങ്കില്‍ അമിതമായ രക്തസ്രാവവും ഉണ്ടായിരുന്നു. ഇവരുടെ നില മോശമാണെന്ന് മനസിലാക്കിയ ഗണേശ് ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ നല്‍കി. കുഞ്ഞിനും പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തു. 

തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും ഇരുപത് നിമിഷങ്ങള്‍ക്കകം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചു. സമയത്തിന് പ്രാഥമിക ശുശ്രൂഷ ലഭിച്ചതാണ് അനിതയുടെ ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അല്‍പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഇവരുടെ ജീവന്‍ കാക്കാന്‍ ആര്‍ക്കുമാകുമായിരുന്നില്ലെന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ ഗണേശും പറയുന്നു. വിവരമറിഞ്ഞ ആരോഗ്യമന്ത്രി കെ കെ ശൈലജ 'കനിവ് 108'  ജീവനക്കാരായ ഗണേശിനും രതീഷ് കുമാറിനും അഭിനന്ദനമറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 'കനിവ് 108' സേവനം ഏര്‍പ്പെടുത്തിയ ആരോഗ്യമന്ത്രിയെ തിരിച്ച് ഇവരും അഭിനന്ദിക്കുകയാണിപ്പോള്‍. പാവപ്പെട്ട ആളുകള്‍ക്ക് വളരെയേറെ ഉപകരിക്കുന്ന പദ്ധതിയാണിതെന്നും തന്നെപ്പോലെ നൂറുകണക്കിന് പേര്‍ക്ക് ഇതിലൂടെ ജോലി ലഭിച്ചുവെന്നും ഗണേശ് പറയുന്നു.