തുടക്കത്തിൽ ഈ രോഗം വൃക്കകളിൽ മാത്രമായി ഒതുങ്ങിനിൽക്കുമെങ്കിലും, രക്തത്തിലൂടെയും ലിംഫ് നാളികളിലൂടെയും ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരാൻ ഇതിന് സാധിക്കും.
വൃക്കയെ ബാധിക്കുന്ന ക്യാൻസർ പ്രധാനമായും പ്രായമായവരിലാണ് കണ്ടുവരുന്നത്. ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ ഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനൊപ്പം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് നിലനിർത്തുന്നതിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും വൃക്കകൾ നിർണ്ണായക പങ്ക് വഹിക്കുന്നു.
ആർക്കൊക്കെയാണ് വൃക്കയിലെ ക്യാൻസർ വരാൻ സാധ്യത കൂടുതൽ?
പുകയില പോലുള്ള ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളുമായി സമ്പർക്കമുണ്ടാകുന്നത് ഈ രോഗസാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, വേദനസംഹാരികളും ദീർഘകാലമായി ഉപയോഗിക്കുന്നവർ എന്നിവരിലും രോഗസാധ്യത ഉയർന്നതാണ്. ഇതിനുപുറമെ വൃക്ക സംബന്ധമായ മറ്റ് തകരാറുകൾ ഉള്ളവർക്കും ദീർഘകാലമായി ഡയാലിസിസിന് വിധേയരാകുന്നവർക്കും വൃക്കയിലെ ക്യാൻസർ വരാം.
പ്രധാന ലക്ഷണങ്ങൾ
തുടക്കത്തിൽ ഈ രോഗം വൃക്കകളിൽ മാത്രമായി ഒതുങ്ങിനിൽക്കുമെങ്കിലും, രക്തത്തിലൂടെയും ലിംഫ് നാളികളിലൂടെയും ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരാൻ ഇതിന് സാധിക്കും. ശ്വാസകോശം, അസ്ഥികൾ, തലച്ചോറ്, കരൾ എന്നിവടങ്ങളിലേക്കാണ് ഇത് സാധാരണയായി പടരാറുള്ളത്.
തുടക്കത്തിലുള്ള ലക്ഷണങ്ങൾ: വാരിയെല്ലിന് താഴെ വശങ്ങളിലായി ഉണ്ടാകുന്ന മുഴ അല്ലെങ്കിൽ വീക്കം, വിട്ടുമാറാത്ത നടുവേദന, വയറുവേദന, മൂത്രത്തിലൂടെ ചോര പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മറ്റ് അവയവങ്ങളിലേക്ക് പടരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ: ക്യാൻസർ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നാൽ വിട്ടുമാറാത്ത കടുത്ത നടുവേദന, കടുത്ത തലവേദന, ഛർദ്ദി, കാഴ്ച മങ്ങൽ, അപസ്മാരം ,ശ്വാസതടസ്സം എന്നിവ ഉണ്ടാകാം.
രോഗനിർണ്ണയം എങ്ങനെ?
വയറ് പരിശോധിക്കുമ്പോൾ അസ്വാഭാവികമായ മുഴകൾ കണ്ടെത്താൻ അതിലൂടെ സാധിച്ചേക്കാം. കൂടുതൽ കൃത്യതയ്ക്കായി കോൺട്രാസ്റ്റ് സിടി, എംആർഐ തുടങ്ങിയ റേഡിയോളജിക്കൽ ഇമേജിംഗ് പരിശോധനകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഇമേജിംഗ് ടെസ്റ്റുകളിൽ വൃക്കയിൽ വളർച്ച കാണിക്കുന്നവരിൽ തെറ്റായ രോഗനിർണ്ണയത്തിന് സാധ്യതയുള്ളതിനാൽ റേഡിയോളജിക്കൽ പരിശോധനകൾ മാത്രം പൂർണ്ണമായി ആശ്രയിക്കാനാകില്ല. മിക്ക വൃക്ക ക്യാൻസറുകളും തുടക്കത്തിൽ തന്നെ ചെറിയ മുഴകളായി കണ്ടെത്താൻ സാധിക്കാറുണ്ട്. മുൻകാലങ്ങളിൽ ഇത്തരം രോഗികളിൽ റാഡിക്കൽ നെഫ്രെക്ടമി വഴി, ബാധിക്കപ്പെട്ട വൃക്ക പൂർണ്ണമായി നീക്കം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ രോഗത്തിന്റെ തീവ്രത കുറഞ്ഞ രോഗികളിൽ പാർഷ്യൽ നെഫ്രെക്ടമി അല്ലെങ്കിൽ കൃത്യമായ നിരീക്ഷണം എന്നിവയാണ് നിർദ്ദേശിക്കുന്നത്. പാർഷ്യൽ നെഫ്രെക്ടമിയിലൂടെ വൃക്കയിലെ ക്യാൻസർ ബാധിച്ച ഭാഗം മാത്രം പൂർണ്ണമായി നീക്കം ചെയ്യുകയും, വൃക്കയുടെ ബാക്കി നല്ലൊരു പങ്ക് കോശങ്ങളെയും പ്രവർത്തനക്ഷമതയെയും നിലനിർത്താനും സാധിക്കുന്നു.


