അമിതമായ വെയിൽ കൊള്ളുക, യാത്രകൾക്കിടയിൽ വെള്ളം കുടിക്കാതിരിക്കുക, ഉപ്പുകൂടിയ പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുക, ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം, മൂത്രം ഒഴിക്കാൻ വൈകുന്നത് എന്നിവയെല്ലാം ഇതിലേക്ക് നയിക്കാം.
ശരീരത്തിലെ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി കരളിലെന്ന പോലെ വൃക്കകളിൽ രൂപപ്പെടുന്ന കഠിനമായ കല്ലുകളാണ് കിഡ്നി സ്റ്റോൺ. വേനൽക്കാലത്താണ് ഇത് വരാനുള്ള സാധ്യത കൂടുതൽ. കാരണം ഈ സമയത്ത് ശരീരത്തിൽ നിന്ന് അമിതമായി വിയർപ്പ് പുറത്തുപോകുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് മൂത്രത്തിന്റെ അളവ് കുറയ്ക്കുന്നു. ഇത് കല്ല് രൂപപ്പെടുന്ന ധാതുക്കളുടെ സാന്ദ്രത കൂട്ടാൻ കാരണമാകും. അമിതമായ വെയിൽ കൊള്ളുക, യാത്രകൾക്കിടയിൽ വെള്ളം കുടിക്കാതിരിക്കുക, ഉപ്പുകൂടിയ പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുക, ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം, മൂത്രം ഒഴിക്കാൻ വൈകുന്നത് എന്നിവയെല്ലാം ഇതിലേക്ക് നയിക്കാം. കിഡ്നി സ്റ്റോൺ വരാനുള്ള പ്രധാന കാരണങ്ങളും അതിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്തൊക്കെയാണെന്ന് അറിയാം.
വൃക്കയിൽ കല്ല് വരാൻ കാരണമാകുന്ന ഘടകങ്ങൾ
- കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നത്
2. ഭക്ഷണത്തിൽ ഉപ്പിന്റെ അമിത ഉപയോഗം
3. ഇറച്ചി, മീൻ തുടങ്ങിയ അനിമൽ പ്രോട്ടീനുകളുടെ അമിത ഉപഭോഗം
4. വിട്ടുമാറാത്ത മൂത്രാശയ അണുബാധ
5. പാരമ്പര്യം- കുടുംബത്തിൽ ആർക്കെങ്കിലും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്
6. അമിതവണ്ണവും മെറ്റബോളിസം പ്രവർത്തനങ്ങളിലെ തകരാറും
7. മുൻപ് കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർ
8. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്ന കാൽസ്യം, വൈറ്റമിൻ സി ഗുളികകൾ
9. ഹൈപ്പർപാരാതൈറോയ്ഡിസം പോലുള്ള രോഗങ്ങൾ
പ്രധാന ലക്ഷണങ്ങൾ
വൃക്കയിലെ കല്ലുകൾ മൂത്രനാളിയിലൂടെ നീങ്ങുകയോ മൂത്രതടസ്സം ഉണ്ടാക്കുകയോ ചെയ്യുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.
- വശങ്ങളിലോ പുറംഭാഗത്തോ ഉണ്ടാകുന്ന കഠിനമായ വേദന
2. അടിവയറ്റിലേക്കും തുടയിടുക്കുകളിലേക്കും പടരുന്ന വേദന
3. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിലും വേദനയും
4. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക
5. ഓക്കാനവും ഛർദ്ദിയും
6. അടിക്കടി മൂത്രമൊഴിക്കണമെന്ന് തോന്നുക
7. പനിയും വിറയലും
കൂടുതൽ ശ്രദ്ധിക്കേണ്ട അടിയന്തര സാഹചര്യങ്ങൾ
കടുത്ത പനിയോടൊപ്പം വേദന, മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുക, മരുന്ന് കഴിച്ചിട്ടും മാറാത്ത കഠിനമായ ഛർദ്ദിയും വേദനയും എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഒരു കിഡ്നി മാത്രമുള്ളവർ, ഗർഭിണികൾ, പ്രമേഹബാധിതർ, പ്രായമായവർ എന്നിവരിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകിക്കരുത്.
വൃക്കയിൽ കല്ല് വരുന്നത് എങ്ങനെ തടയാം?
1. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക
2. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
3. ആഹാരത്തിലെ കാൽസ്യം പൂർണ്ണമായി ഒഴിവാക്കരുത്
4. സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
5. അനിമൽ പ്രോട്ടീൻ പരിമിതപ്പെടുത്തുക
6. സ്വയംചികിത്സയും ഒറ്റമൂലികളും ഒഴിവാക്കുക


