സ്ട്രോക്ക് അഥവാ പക്ഷാഘാതം കൂടുതല്‍ ബാധിക്കുക സ്ത്രീകളെയോ? ലക്ഷണങ്ങള്‍ അറിയാം...
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് ലളിതമായി പറയാം. ഇതിന്‍റെ തീവ്രതയനുസരിച്ചാണ് രോഗിയും ബാധിക്കപ്പെടുന്നത്.

സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഒക്ടോബര്‍ 29, ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ സ്ട്രോക്കുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്.
സ്ട്രോക്ക് വന്നു, സ്ട്രോക്കിന് പിന്നാലെ മരണം സംഭവിച്ചു, അല്ലെങ്കില്‍ ശരീരം പാതി തളര്‍ന്നു, മുഖം ഒരു വശത്തേക്ക് കോടിപ്പോയി എന്നെല്ലാം പറയുന്നത് നിങ്ങളെല്ലാം കേട്ടിരിക്കും. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സ്ട്രോക്ക്, എന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് ലളിതമായി പറയാം. ഇതിന്‍റെ തീവ്രതയനുസരിച്ചാണ് രോഗിയും ബാധിക്കപ്പെടുന്നത്. ചിലര്‍ക്ക് തിരികെ ജീവിതത്തിലേക്ക് വരാനാകാത്ത വിധം പ്രശ്നത്തിലാകാം. മറ്റ് ചിലര്‍ക്ക് പരാലിസിസ് (ശരീരം തളരുന്ന അവസ്ഥ) ബാധിക്കാം, ചിലര്‍ക്ക് സംസാരശേഷി നഷ്ടപ്പെടാം, മുഖചലനങ്ങള്‍ക്ക് പരിമിതിയാകാം- അങ്ങനെ ഏത് രീതിയിലും ബാധിക്കപ്പെടാം.
സ്ട്രോക്ക് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പിടിപെടാൻ സാധ്യത കൂടുതലുള്ളത്. ഇക്കാര്യവും പലര്‍ക്കും അറിയില്ല. ഇതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഒന്ന് ബിപി അഥവാ രക്തസമ്മര്‍ദ്ദം ആണ്. സ്ത്രീകളില്‍ ബിപിയുള്ളവരില്‍ അത് നിയന്ത്രിച്ച് മുന്നോട്ട് പോകുന്നവര്‍ കുറവാണ് എന്നതിനാല്‍ ഇവരില്‍ പിന്നീട് സ്ട്രോക്കിനുള്ള സാധ്യത വരികയാണത്രേ.
അതുപോലെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത്. സ്ട്രോക്ക് ആണെങ്കില്‍ അധികവും ബാധിക്കുന്നത് പ്രായമായവരെയാണ്. അതിനാല്‍ സ്ത്രീകളില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുന്നു.
ഇവയ്ക്ക് പുറമെ ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭാവസ്ഥ എന്നിവയെല്ലാം സ്ത്രീകളില്‍ സ്ട്രോക്ക് സാധ്യത കൂട്ടുന്നതായി വിദഗ്ധര്‍ പറയുന്നു. ഇനി സ്ട്രോക്കിന്‍റെ അറിഞ്ഞിരിക്കേണ്ട ചില ലക്ഷണങ്ങളെ കുറിച്ച് കൂടി പങ്കുവയ്ക്കാം.
'ഫാസ്റ്റ്' അഥവാ 'FAST' എന്ന് പറയും ഇതിന്‍റെ പ്രധാന ലക്ഷണങ്ങളെ. ഇതിലെ ഓരോ അക്ഷരവും ഓരോ ലക്ഷണത്തെ സൂചിപ്പിക്കുന്നു. എഫ്- എന്നത് 'ഫേഷ്യല്‍ ഡ്രൂപിംഗ്' അഥവാ മുഖചര്‍മ്മം തൂങ്ങിവരിക, എ- 'ആം വീക്ക്‍നെസ്' അഥവാ കൈകള്‍ തളരുക, എസ്- 'സ്പീച്ച് ഡിഫിക്കള്‍ട്ടി' അഥവാ സംസാരിക്കാൻ പ്രയാസം വരിക, ടി- എന്നാല്‍ 'ടൈം' അഥവാ സമയം എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. അതായത് മുമ്പ് കണ്ട ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടൻ തന്നെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നതിന്‍റെ ആവശ്യകതയെ അറിയിക്കുന്നു.
ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ കാണുന്നതാണ്. മുഖത്തിന്‍റെ ഒരു വശം കോടിപ്പോവുകയോ, തളര്‍ന്നുപോവുകയോ ചെയ്യുന്നത് സ്ട്രോക്കിന്‍റെ ഒരു സുപ്രധാന ലക്ഷണമാണ്. അതുപോലെ കൈ തളര്‍ന്ന്- ഒന്നും ചെയ്യാനാകാത്ത പോലെ അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം.
പെട്ടെന്ന് കാഴ്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്ട്രോക്കിന്‍റെ ഭാഗമായി വരാവുന്നതാണ്. ഇക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്. കണ്ണ് മങ്ങുക, കണ്ണിലേക്ക് ഫ്ളാഷ് അടിക്കുന്നതായി തോന്നുകയെല്ലാം ഇത്തരത്തിലുണ്ടാകാം. മാനസിക വിഭ്രാന്തി പോലുള്ള പ്രശ്നങ്ങളാണ് സ്ട്രോക്കിന്‍റെ മറ്റൊരു ലക്ഷണം. ചിന്തകളിലും സംസാരത്തിലും അവ്യക്തത, പരസ്പര ബന്ധമില്ലായ്മ, ഇടയ്ക്ക് ബോധം മറയുന്നതായി തോന്നുക- എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍. ഒപ്പം തളര്‍ച്ചയും ഛര്‍ദ്ദിയോ ഓക്കാനമോ അനുഭവപ്പെടാം. അതുപോലെ തൊണ്ടയില്‍ ഒരു പിടുത്തവും ശ്വാസതടസവും നേരിടാം. ഈ ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം അത് സ്ട്രോക്ക് ആണെന്ന് ഉറപ്പിക്കരുത്. മറിച്ച് സമയബന്ധിതമായി വൈദ്യചികിത്സ തേടുകയാണ് വേണ്ടത്.
Also Read:- ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ കുറിച്ചും ഭക്ഷണരീതികളെ കുറിച്ചും അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-