ജനിതകമായ കാരണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍, മരുന്നുകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് അധികവും മുഖക്കുരുവിലേക്ക് നയിക്കുന്നത്. എന്നാല്‍ മുഖക്കുരുവിനെ കുറിച്ച് പറയുമ്പോള്‍ തന്നെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാനാണ് മിക്കവരും ഉപദേശിക്കുക.

ചര്‍മ്മവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വരുന്നതിന് ഓരോ വ്യക്തിയിലും ഓരോ കാരണമായിരിക്കും. അല്ലെങ്കില്‍ ഒന്നിലധികം കാരണങ്ങള്‍ വരാം. കാലാവസ്ഥാ വ്യതിയാനം മുതല്‍ ഹോര്‍മോണ്‍ വ്യതിയാനം വരെ മുഖക്കുരുവിന് കാരണമാകും. 

ജനിതകമായ കാരണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍, മരുന്നുകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് അധികവും മുഖക്കുരുവിലേക്ക് നയിക്കുന്നത്. എന്നാല്‍ മുഖക്കുരുവിനെ കുറിച്ച് പറയുമ്പോള്‍ തന്നെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാനാണ് മിക്കവരും ഉപദേശിക്കുക. എന്നാലിത്തരത്തില്‍ ഒഴിവാക്കാൻ പറയുന്ന പല ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാകുന്നില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഇവ ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുഖക്കുരുവിന് കാരണമാകില്ല. അത്തരത്തില്‍ തിരിച്ചറിയേണ്ട നാല് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചോക്ലേറ്റ് അധികം കഴിക്കേണ്ട, ഇത് മുഖക്കുരുവിന് കാരണമാകുമെന്ന് പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ എല്ലാ ചോക്ലേറ്റും ഇതിലുള്‍പ്പെടുന്നില്ല. ഡാര്‍ക് ചോക്ലേറ്റാണെങ്കില്‍ അതൊരിക്കലും മുഖക്കുരുവിന് കാരണമാകില്ല. എന്ന് മാത്രമല്ല, ചര്‍മ്മത്തിന് അടക്കം പല ഗുണങ്ങളും ഇത് നല്‍കുന്നുണ്ട്. മില്‍ക്ക് ചോക്ലേറ്റിലെ ഷുഗറും പാല്‍- അംശംങ്ങളും ചിലരില്‍ സ്കിൻ പ്രശ്നങ്ങളുണ്ടാക്കാം. 

രണ്ട്...

എണ്ണമയമുള്ള ഭക്ഷണം അധികം കഴിച്ചാലും മുഖക്കുരു വരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. എന്നാലിതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമല്ല. ചര്‍മ്മത്തില്‍ എണ്ണമയം കൂടുന്നതിന് കാരണമാകുന്നത് 'സെബം' എന്ന കോമ്പൗണ്ട് ആണ്. ഇത് അമിതമാകുന്നത് മുഖക്കുരുവുണ്ടാക്കാം. എന്നാല്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍ 'സെബം' ഉത്പദാനം കൂട്ടണമെന്നില്ല. എണ്ണമയമുള്ള ഭക്ഷണം വണ്ണം കൂടുന്നതിനും, പ്രത്യേകിച്ച് വയറിലോ ഇടുപ്പിലോ കൊഴുപ്പടിയുന്നതിനും മറ്റും കാരണമാകും. അത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അുബന്ധമായി വരാം.

മൂന്ന്...

പാലും പാലുത്പന്നങ്ങളും മുഖക്കുരുവിന് കാരണമാകുമെന്നും പ്രചാരമുണ്ട്. എന്നാല്‍ പാല്‍ എല്ലാം മുഖക്കുരുവിന് കാരണമാകില്ല. പശുവിന്‍ പാലാണെങ്കില്‍ ചിലരില്‍, ചിലരില്‍ മാത്രം മുഖക്കുരുവിന് കാരണമാകാം. പാലിലെ കൊഴുപ്പല്ല പ്രോട്ടീൻ ആണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ സ്കിംഡ് മില്‍ക്ക് ആണ് കൂടുതല്‍ പ്രശ്നം. പലരും പാലിലെ കൊഴുപ്പാണ് പ്രശ്നക്കാരൻ എന്നാണ് ചിന്തിക്കാറ്. 

നാല്...

പല ഭക്ഷണസാധനങ്ങളിലും അടങ്ങിയിട്ടുള്ള 'ഗ്ലൂട്ടണ്‍' എന്ന ഘടകവും മുഖക്കുരുവിന് കാരണമാകുന്നതായി പറയപ്പെടാറുണ്ട്. എന്നാല്‍ ചിലരില്‍ 'ഗ്ലൂട്ടണ്‍' മുഖക്കുരുവിന് പുറമെയുള്ള സ്കിൻ പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഇത്തരം കേസുകളില്‍ ഡോക്ടര്‍മാര്‍ തന്നെ ഇതൊഴിവാക്കാൻ വേണ്ടി നിര്‍ദേശിക്കാറുണ്ട്. 

അധികപേരിലും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ (സ്ട്രെസ് മൂലമുള്ളതടക്കം) ആണ് മുഖക്കുരുവിന് കാരണമാകാറ്. അതുപോലെ പൊടി, അഴുക്ക്, സ്കിൻ കെയര്‍ പ്രോഡക്ടുകളില്‍ നിന്നുള്ള അലര്‍ജി എന്നിങ്ങനെയുള്ള ഘടകങ്ങളും വലിയ തോതില്‍ കാരണമാകാറുണ്ട്. ഭക്ഷണം ഇതില്‍ ചെറിയ അളവിലേ സ്വാധീനം ചെലുത്താറുള്ളൂ.

Also Read:- 'സ്കിൻ' അടിപൊളിയാക്കാം; ഭക്ഷണത്തില്‍ ഈ ഏഴ് കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ...