ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചത് 'ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യൂഷൻ സിൻഡ്രോം' എന്ന അവസ്ഥയാണെന്നാണ് മെഡി. കോളേജ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്നും മറുപിള്ളയില്‍ നിന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണിതെന്നും സൂപ്രണ്ട് പറഞ്ഞു. 

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാത ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം വലിയ രീതിയിലാണ് ചര്‍ച്ചകളില്‍ നിറയുന്നത്. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്. 

കഴിഞ്ഞ മാസം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവവും വലിയ വിവാദമായിരുന്നു. ചികിത്സാപ്പിഴവ് മൂലമാണ് യുവതിയും കുഞ്ഞും മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ ചികിത്സാപ്പിഴവ് അല്ലെന്നും അമ്മയ്ക്കും കുഞ്ഞിനും പ്രസവസമയത്ത് 20 ശതമാനത്തിലും താഴെയായിരുന്നു ഹൃദയമിടിപ്പ്- ഇതുമൂലമാണ് മരണം സംഭവിച്ചതെന്നും മെഡി. കോളേജ് സൂപ്രണ്ട് അന്ന് അറിയിച്ചിരുന്നു. 

ഇതിന് പിന്നാലെ ഡോക്ടര്‍മാരില്‍ ഒരു വിഭാഗം പേരും സോഷ്യല്‍ മീഡിയ അടക്കമുള്ള ഇടങ്ങളില്‍ സംഭവത്തില്‍ ശാസ്ത്രീയമായ വിശദീകരണം നല്‍കിയിരുന്നു. 'പെരിപ്പാര്‍ട്ടം കാര്‍ഡിയോമയോപ്പതി' എന്ന അവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം.

ഈ സംഭവത്തിന് ശേഷവും പല പരാതികളും ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് നല്‍കാൻ തീരുമാനിച്ചിരുന്നു. 

ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ പ്രസവത്തിനിടെ നവജാത ഇരട്ടകളുടെ മരണം വിവാദമായിരിക്കുന്നത്. 

എന്നാല്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചത് 'ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യൂഷൻ സിൻഡ്രോം' എന്ന അവസ്ഥയാണെന്നാണ് മെഡി. കോളേജ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്നും മറുപിള്ളയില്‍ നിന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണിതെന്നും സൂപ്രണ്ട് പറഞ്ഞു. 

ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യൂഷൻ സിൻഡ്രോം...

ഒരുപക്ഷേ മിക്കവരും ഇതുവരെ കേട്ടിരിക്കാൻ സാധ്യതയില്ലാത്തൊരു പ്രശ്നമാണ് 'ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യൂഷൻ സിൻഡ്രോം' (ടിടിടിഎസ്). ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ ഇരട്ടക്കുഞ്ഞുങ്ങള്‍ മറുപിള്ളയില്‍ നിന്ന് വ്യത്യസ്ത അളവില്‍ രക്തം സ്വീകരിക്കുകയും വ്യത്യസ്തമായ രീതിയില്‍ വളരുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം. ഇത് ഒരിക്കലും അമ്മയുടെ അശ്രദ്ധയോ അല്ലെങ്കില്‍ അമ്മയുടെ സ്വാധീനത്താലോ ഒന്നും സംഭവിക്കുന്നതല്ല. 

അധികം രക്തം സ്വീകരിക്കുന്നതോടെ ഒരു കുഞ്ഞ് വലുപ്പം കൂടിയും കുറവ് രക്തം സ്വീകരിക്കുന്നതിലൂടെ ഒരു കുഞ്ഞ് വലുപ്പം കുറഞ്ഞും വളരുകയാണ് ഈ അവസ്ഥയില്‍. ഇത് പലവിധത്തിലുള്ള സങ്കീര്‍ണതകളും സൃഷ്ടിക്കും. ഒരു കുഞ്ഞിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടുന്നതിലേക്ക് വരെ ഈ അവസ്ഥ എത്താം. ഇതുമൂലം ഒരു കുഞ്ഞിനോ അല്ലെങ്കില്‍ രണ്ട് കുഞ്ഞിനോ തന്നെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം. 

ടിടിടിഎസിന് വിവിധ ഘട്ടങ്ങളുണ്ട്. ഇതില്‍ ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ സര്‍ജറിയെന്ന പരിഹാരമാര്‍ഗം മുന്നിലുണ്ട്. അപ്പോള്‍ പോലും കുഞ്ഞുങ്ങളെ സുരക്ഷിതമായി ജീവിതത്തിലേക്ക് കൊണ്ടുവരാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുക സാധ്യമല്ല. 90 ശതമാനം കേസുകളിലും ടിടിടിഎസ് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാവുക തന്നെയാണ് ചെയ്യാറ്. ബാക്കി വരുന്ന കേസുകളിലാകട്ടെ, പ്രസവശേഷം പിന്നീട് കുഞ്ഞുങ്ങളില്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ കാണാനുള്ള സാധ്യതകളും ഏറെയാണ്.

ആലപ്പുഴയിലെ കേസില്‍ കഴിഞ്ഞ 16ന് യുവതിക്ക് സിസേറിയൻ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ വേദന അനുഭവപ്പെടുന്നില്ലെന്ന് കാട്ടി ഇത് മാറ്റിവച്ചു. ഇന്നലെ ഉച്ചയോടെ ഒരു കുഞ്ഞിന് അനക്കം ഇല്ലാതാവുകയായിരുന്നു. ഇതോടെ സര്‍ജറി ചെയ്യാമെന്ന അവസ്ഥയായെങ്കിലും തൊട്ടുമുമ്പ് യുവതി ആഹാരം കഴിച്ചു എന്ന കാരണത്താല്‍ സര്‍ജറി നടത്താൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് സര്‍ജറി നടത്താമെന്നാണത്രേ ഇവര്‍ അറിയിച്ചത്. 

രാത്രി എട്ടരയോടെ പക്ഷേ, സിസേറിയന് ശേഷം രണ്ട് കുഞ്ഞുങ്ങളും മരിച്ചതായി ഇവര്‍ അറിയിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സര്‍ജറി നടത്തിയതെന്ന പരാതിയും യുവതിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. 

Also Read:- പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു