ഉപ്പുകള്‍ പലവിധം; ഏത് ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്?
ഉപ്പാണെങ്കില്‍ പലവിധത്തിലുണ്ട്. ടേബിള്‍ സോള്‍ട്ട്, ഹിമാലയൻ സോള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സോള്‍ട്ട് എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണിവ തമ്മിലുള്ള വ്യത്യാസമെന്നറിയുമോ? ഇവയില്‍ ഏതുതരം ഉപ്പാണ് ശരീരത്തിന് നല്ലത് എന്നുമറിയാമോ?

ഉപ്പ് ഒരു വീട്ടില്‍ ഒഴിച്ചുകൂടാനാകാത്തൊരു ചേരുവയാണെന്ന് പറയാം. ഏതൊരു വിഭവമെടുത്താലും അതിലെല്ലാം ഉപ്പ് ആവശ്യമാണ്. ഉപ്പ് ഭക്ഷണത്തിലെ ഒരു ചേരുവ മാത്മര്ര- ആരോഗ്യത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയത്തിന്‍റെ ലഭ്യതയ്ക്കാണ് ഉപ്പ് ആവശ്യമായി വരുന്നത്.
ശരീരത്തില്‍ ഇലക്ട്രോലൈറ്റുകളും ഫ്ളൂയിഡുകളും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനാണ് സോഡിയം ആവശ്യമായി വരുന്നത്. ഓരോ കോശത്തിലേക്കും പോഷകങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നതിന് ഇതെല്ലാം ആവശ്യമാണ്. അതുപോലെ രക്തസമ്മര്‍ദ്ദത്തിന്‍റെ കാര്യത്തിലും ബാലൻസ്ഡാകാൻ സോഡിയം ആവശ്യമാണ്. എന്നാല്‍ സോഡിയം അധികമാകുന്നതും ശരീരത്തിന് നല്ലതല്ല. അതിനാല്‍ തന്നെ ഉപ്പ് പരിമിതമായ അളവില്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
ഉപ്പാണെങ്കില്‍ പലവിധത്തിലുണ്ട്. ടേബിള്‍ സാള്‍ട്ട്, ഹിമാലയൻ സാള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സോള്‍ട്ട് എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണിവ തമ്മിലുള്ള വ്യത്യാസമെന്നറിയുമോ? ഇവയില്‍ ഏതുതരം ഉപ്പാണ് ശരീരത്തിന് നല്ലത് എന്നുമറിയാമോ?
ആദ്യമേ പറയാം ഉപ്പ് ഏതായാലും അത് പരിമിതമായി ഉപയോഗിച്ച് ശീലിക്കുന്നതാണ് നല്ലത്. അതേസമയം തീരെ ഉപയോഗിക്കാതിരിക്കുകയും അരുത്. ബിപിയുള്ളവര്‍ നിര്‍ബന്ധമായും ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണം. ഇനി വിവിധ ഉപ്പുകളേതാണെന്നും എങ്ങനെയാണവയുടെ ഉപയോഗമെന്നും മനസിലാക്കാം.
ഹിമാലയൻ സാള്‍ട്ട്...
ഹിമാലയൻ സാള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സാള്‍ട്ട് എന്നറിയപ്പെടുന്ന ഉപ്പ് കണ്ടാലേ ആ വ്യത്യാസം മനസിലാകും. ഇതല്‍പം പിങ്ക് നിറം കലര്‍ന്നതായിരിക്കും. ഇതിന്‍റെ പ്രത്യേകതയെന്തെന്നാല്‍ സോഡിയത്തിന് പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിങ്ങനെയുള്ള ധാതുക്കളെല്ലാം ഇതിലടങ്ങിയിരിക്കും. ഇവയെല്ലാം ശരീരത്തിന് വളരെ നല്ലതാണ്. അതിനാല്‍ത്തന്നെ അല്‍പം കൂടി ആരോഗ്യകരമായ സാള്‍ട്ട് ഇതാണെന്ന് പറയാം. എങ്കിലും പരിമിതമായ അളവേ ഉപയോഗിക്കാൻ പാടൂ.
സീ സാള്‍ട്ട്...
സീ സാള്‍ട്ട് കേള്‍ക്കുമ്പോള്‍ തന്നെ ഏവര്‍ക്കും മനസിലാകും കടല്‍വെള്ളം വറ്റിച്ചെടുത്ത് തയ്യാറാക്കുന്ന ഉപ്പ് ആണിത്. ഇതും ഒരുപാട് അങ്ങോട്ട് പ്രോസസ് ചെയ്തെടുക്കാത്തതിനാല്‍ തന്നെ അല്‍പമൊക്കെ ധാതുക്കള്‍ ഇതിലും കാണാറുണ്ട്. പക്ഷേ ഹിമാലയൻ സാള്‍ട്ടിന്‍റെ അത്ര ഗുണമില്ല. പരിമിതമായ അളവില്‍ തന്നെ ഉപയോഗിക്കുക.
പൊട്ടാസ്യം സാള്‍ട്ട്..
പൊട്ടാസ്യം സാള്‍ട്ട് പേരില്‍ സൂചിപ്പിക്കും പോലെ തന്നെ പൊട്ടാസ്യം കാര്യമായി അടങ്ങിയിട്ടുള്ള സോള്‍ട്ട് ആണ്. സോഡിയം അധികമാകുമ്പോള്‍ അതിന്‍റെ ദൂഷ്യമൊഴിവാക്കാൻ പൊട്ടാസ്യം സഹായിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്. എങ്കിലും ഇതും അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.
ടേബിള്‍ സാള്‍ട്ട്...
നമ്മള്‍ സാധാരണനിലയില്‍ വീടുകളിലുപയോഗിക്കുന്ന ഉപ്പാണ് ടേബിള്‍ സാള്‍ട്ട്. കടലില്‍ നിന്നെടുക്കുന്ന ഉപ്പ് തന്നെയിത്. എന്നാല്‍ നല്ലതുപോലെ പ്രോസസ് ചെയ്തെടുക്കുന്നതായതിനാല്‍ സ്വാഭാവികമായും ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇപ്പോള്‍ ടേബിള്‍ സാള്‍ട്ട് 'അയൊഡൈസ്ഡ് സോള്‍ട്ട്' എന്ന പേരിലും കുറച്ച് കൂടി മാറ്റങ്ങളോടെ എത്തുന്നുണ്ട്. ഇതില്‍ അയോഡിൻ കുറച്ചുകൂടി അടങ്ങിയിരിക്കും.
എന്തായാലും ഏത് തരം ഉപ്പായാലും സോഡിയത്തിന്‍റെ അളവില്‍ ചെറിയ മാറ്റങ്ങളേ കാണൂ. മറ്റ് ഘടകങ്ങളില്‍ വ്യത്യാസം വരുന്നു- പ്രോസസിംഗില്‍ വ്യത്യാസം വരുന്നു എന്ന് മാത്രം. ഏത് ഉപ്പ് തെരഞ്ഞെടുത്താലും ഉപയോഗം പരിമിതപ്പെടുത്തുക.
Also Read:- പ്രമേഹം എങ്ങനെയാണ് വൃക്കയെയും ഹൃദയത്തെയും ബാധിക്കുന്നത്? അറിഞ്ഞിരിക്കേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-