Asianet News MalayalamAsianet News Malayalam

ഇന്ന് ഹീമോഫീലിയ ദിനം; എന്താണ് ഹീമോഫീലിയ എന്നറിയാമോ?

അടുക്കളയില്‍ കറിക്കത്തി തട്ടിയുണ്ടാകുന്ന മുറിവുകളോ ഡെന്റിസ്റ്റ് നടത്തുന്ന ചെറു ചികിത്സയോ പോലും ഹീമോഫീലിയ ഉള്ളവര്‍ക്ക് വലിയ ഭീഷണിയായി മാറിയേക്കാം. അതിനാല്‍ ഈ അവസ്ഥ തിരിച്ചറിയുകയെന്നതാണ് ആദ്യ കടമ്പ

know few things about hemophilia disease on world hemophilia day
Author
Trivandrum, First Published Apr 17, 2021, 7:54 PM IST

ഇന്ന്, ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനമായാണ് കണക്കാക്കുന്നത്. ആഗോളതലത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികളുടെ കണക്ക് നോക്കുകയാണെങ്കില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 

എന്നാല്‍ മിക്കവര്‍ക്കും എന്താണ് ഹീമോഫീലിയ എന്ന അസുഖമെന്ന് അറിയില്ല. പലപ്പോഴും ഇത് തിരിച്ചറിയാനും ആവശ്യമായ ചികിത്സ എടുക്കാനും കഴിയാതെ ധാരാളം പേരുടെ ജീവന്‍ അപകടത്തിലാകാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ തന്നെ ഹീമോഫീലിയ ദിനം ഈ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് പ്രയോജനപ്പെടുത്തുന്നത്. 

സാധാരണഗതിയില്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരിക്കോ പറ്റിയാല്‍ അതിന്റെ വലിപ്പം അനുസരിച്ചാണ് രക്തം പുറത്തുവരിക. ചെറിയ മുറിവുകളാണെങ്കില്‍ വൈകാതെ തന്നെ ബ്ലീഡിംഗ് നില്‍ക്കുകയും ചെയ്യും. എന്നാല്‍ ഹീമോഫീലിയ ഉള്ളവരുടെ അവസ്ഥ നേരെ തിരിച്ചാണ്. പരിക്ക് ചെറുതായാലും വലുതായാലും ബ്ലീഡിംഗ് നില്‍ക്കാതിരിക്കുന്നതാണ് അവര്‍ നേരിടുന്ന വെല്ലുവിളി. 

മുറിവ് സംഭവിച്ചാല്‍ മിനുറ്റുകള്‍ക്കകം തന്നെ രക്തം കട്ട പിടിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉണ്ടായില്ലെങ്കില്‍ അമിതമായ രക്തം പുറത്തുപോയി ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യമുണ്ടാകാം. ഇങ്ങനെ രക്തം കട്ട പിടിക്കുന്നത് ചില പ്രത്യേക പ്രോട്ടീനുകളുടെ സഹായത്താലാണ്. ഈ പ്രോട്ടീനുകളുടെ അഭാവം മൂലം രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയാണ് ഹീമോഫീലിയയില്‍ സംഭവിക്കുന്നത്. 

അടുക്കളയില്‍ കറിക്കത്തി തട്ടിയുണ്ടാകുന്ന മുറിവുകളോ ഡെന്റിസ്റ്റ് നടത്തുന്ന ചെറു ചികിത്സയോ പോലും ഹീമോഫീലിയ ഉള്ളവര്‍ക്ക് വലിയ ഭീഷണിയായി മാറിയേക്കാം. അതിനാല്‍ ഈ അവസ്ഥ തിരിച്ചറിയുകയെന്നതാണ് ആദ്യ കടമ്പ. മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ട പിടിക്കുന്നില്ലെന്ന് മനസിലാക്കിയാല്‍ അധികം രക്തം നഷ്ടപ്പെടുത്താതെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കുക. 

രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുത്തിവച്ചുകൊണ്ടാണ് ഇതിന് പ്രധാനമായും ചികിത്സ നടത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹീമോഫീലിയയെ കുറിച്ച് ശാസ്ത്രീയമായ പല പഠനങ്ങളും വന്നതിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള ചികിത്സാരീതികളിലും ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇനിയും ഹീമോഫീലിയ എന്ന വാക്ക് കേട്ടാല്‍ അത് എന്താണെന്ന് വ്യക്തമാകാതിരിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കട്ടെ. അത്ര അറിവെങ്കിലും ഈ രോഗത്തെ കുറിച്ച് നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്.

Also Read:- സ്ത്രീകളിലെ വിളർച്ച; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Follow Us:
Download App:
  • android
  • ios