Asianet News MalayalamAsianet News Malayalam

പ്രായം കൂടുന്നതിന് അനുസരിച്ച് ലൈംഗികജീവിതത്തിൽ സ്ത്രീയും പുരുഷനും നേരിടുന്ന മാറ്റങ്ങൾ...

പങ്കാളികള്‍ തമ്മിലുള്ള ധാരണ, വ്യക്തിത്വം, സൗഹാര്‍ദ്ദ മനോഭാവം, പരിഗണന എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ലൈംഗികതയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പരസ്പരം കരുതലും ക്ഷമയും വിട്ടുവീഴ്ചാമനോഭാവവും ഉള്ളവരാണെങ്കില്‍ ഏത് പ്രായത്തിലും ലൈംഗികത ആസ്വദിക്കാമെന്നും ശാരീരികമായ പ്രയാസങ്ങള്‍ മാത്രമേ അവിടെ വിലങ്ങുതടിയാകൂ എന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു

know how age affects your sex life
Author
Trivandrum, First Published Feb 7, 2021, 11:37 PM IST

പ്രായവും ലൈംഗികജീവിതവും തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജൈവികമായി തന്നെ വ്യക്തിയുടെ ശരീരത്തിന്റെ പ്രായം അയാളുടെ ലൈംഗികജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. 

കൗമാരകാലം മുതല്‍ക്കാണ് സാധാരണഗതിയില്‍ സ്ത്രീയും പുരുഷനും ലൈംഗികത സംബന്ധിച്ച് വിഷയങ്ങളെ കുറിച്ച് അറിഞ്ഞും അനുഭവിച്ചും തുടങ്ങുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ ഘട്ടങ്ങളിലായി ലൈംഗികതയെ ഉള്‍ക്കൊള്ളുന്നതും പരിശീലിക്കുന്നതുമായ വിധം മാറിവരുന്നുണ്ട്. ഇത് എത്തരത്തിലെല്ലാമാണ് എന്നത് നോക്കാം.

ഇരുപതുകളില്‍...

ഇരുപതുകളില്‍ സ്ത്രീയെ അപേക്ഷിച്ച് ഏറ്റവുമധികം ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുക പുരുഷനായിരിക്കും. സാമൂഹികമായ ഘടകങ്ങളും ഇതില്‍ പുരുഷനെ സ്വാധീനിക്കുന്നുണ്ട്. താല്‍പര്യം മാത്രമല്ല, ലൈംഗികതയുമായി ബന്ധപ്പെട്ട് പുരുഷന്‍ വലിയ തോതിലുള്ള ഉത്കണ്ഠ (ആംഗ്‌സൈറ്റി) നേരിടുന്നതും ഈ ഘട്ടത്തിലാണെന്ന് സെക്‌സ് എക്‌സ്പര്‍ട്ടുകള്‍ പറയുന്നു. 

സ്ത്രീകളുടെ കാര്യത്തിലേക്ക് വന്നാല്‍ പുരുഷന്മാരുടെ തോതിനെക്കാള്‍ താഴെയായിരിക്കും ഇവര്‍ക്ക് ഈ ഘട്ടത്തിലുള്ള ലൈംഗിക താല്‍പര്യമത്രേ. ഇവിടെയും സാമൂഹികമായ ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് സ്ത്രീക്ക് അനുയോജ്യമായ പ്രായമാണ് ഇരുപതുകളുടെ അവസാന പാതി. 

മുപ്പതുകളില്‍...

മുപ്പതുകളിലും പുരുഷന് ലൈഗിക താല്‍പര്യങ്ങള്‍ ഉണര്‍ന്നുതന്നെയാണിരിക്കുക. എന്നാല്‍ നാല്‍പതിനോട് തൊട്ടടുത്തെമ്പോള്‍ ഇതിന്റെ തോത് പതിയെ താഴാം. കുടുംബം, കുട്ടികള്‍, കരിയര്‍ തുടങ്ങിയ ഘടകങ്ങളാണ് ഈ ഘട്ടത്തില്‍ പുരുഷന് ലൈംഗികകാര്യങ്ങളില്‍ തിരിച്ചടിയാകുന്നതത്രേ. 

അതേസമയം മുപ്പതുകളിലെ സ്ത്രീ പുരുഷനെക്കാള്‍ മികച്ച രീതിയില്‍ ലൈംഗികജീവിതത്തെ സമീപിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുപതുകളില്‍ നിന്ന് വ്യത്യസ്തമായി പക്വതയോട് കൂടി സെക്‌സിനെ അനുഭവിക്കാനുള്ള ശ്രമവും ഈ ഘട്ടത്തില്‍ സ്ത്രീകള്‍ കാണിക്കുന്നു. 

നാല്‍പതുകളില്‍...

നേരത്തേ സൂചിപ്പിച്ചത് പോലെ നാല്‍പതുകളിലേക്ക് കടക്കുമ്പോള്‍ വിവിധ സാഹചര്യങ്ങള്‍ മൂലം പുരുഷന് ലൈംഗിക ജീവിതത്തിലുള്ള സംതൃപ്തി കുറഞ്ഞേക്കാം. ഇതുതന്നെ നാല്‍പതുകളുടെ അവസാനത്തിലേക്കെത്തുമ്പോള്‍ വീണ്ടും കുറയുന്നതായും കാണാം. ജീവിതശൈലീ രോഗങ്ങളുടെ കടന്നുവരവ് മിക്കവാറും പേരിലും ഈ ഘട്ടത്തിലാണുണ്ടാകാറ്. 

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍, അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയെല്ലാം ലൈംഗികജീവിതത്തെയും മോശമായി ബാധിക്കുന്നു. 

സ്ത്രീകളിലാണെങ്കില്‍ നാല്‍പതുകളുടെ അവസാനപാതി എത്തുമ്പോഴേക്ക് ആര്‍ത്തവവിരാമത്തിനുള്ള ഒരുക്കമായിരിക്കും. ശരീരം എപ്പോഴും വെട്ടിവിയര്‍ക്കുക, ലൈംഗിക താല്‍പര്യം കുറയുക, ശരീരം വരണ്ടിരിക്കുക, ഉറക്കക്കുറവ്, മൂഡ് ഡിസോര്‍ഡര്‍ തുടങ്ങി പല പ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് ഉണ്ടാകാം. ഇവയെല്ലാം ലൈംഗികജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. 

Also Read:- ലൈംഗികജീവിതത്തെ തകരാറിലാക്കുന്ന ആറ് ആരോഗ്യപ്രശ്‌നങ്ങള്‍...

അമ്പതുകളിലും അതിന് ശേഷവും...

അമ്പതുകളിലും അതിന് ശേഷവുമുള്ള ലൈംഗികത സാധാരണഗതിയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണ്. ശാരീരികമായും മാനസികമായും സാമൂഹികമായുമെല്ലാം ഏറെ വ്യത്യസ്തമായ പരിസരങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ സ്ത്രീയും പുരുഷനുമെത്തുന്നത്. 

ഇവിടെ പങ്കാളികള്‍ തമ്മിലുള്ള ധാരണ, വ്യക്തിത്വം, സൗഹാര്‍ദ്ദ മനോഭാവം, പരിഗണന എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ലൈംഗികതയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പരസ്പരം കരുതലും ക്ഷമയും വിട്ടുവീഴ്ചാമനോഭാവവും ഉള്ളവരാണെങ്കില്‍ ഏത് പ്രായത്തിലും ലൈംഗികത ആസ്വദിക്കാമെന്നും ശാരീരികമായ പ്രയാസങ്ങള്‍ മാത്രമേ അവിടെ വിലങ്ങുതടിയാകൂ എന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- സെക്സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios