ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും ജീവിക്കുന്നവര്‍ ഈ പ്രശ്നങ്ങളിലൂടെ നിത്യേന കടന്നുപോകുന്നുണ്ട്. പക്ഷേ മിക്കപ്പോഴും ഇത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. അല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങളുമായി അറിയാതെ തന്നെ സമരസപ്പെട്ട് പോകുകയും ചെയ്യുന്നു
നിത്യജീവിതത്തില്‍ നാം നേരിടാറുള്ള ആരോഗ്യപ്രശ്നങ്ങള്‍ ( Health Issues) പലതാണ്. ഇവയില്‍ മിക്കതും നമ്മുടെ ജീവിതരീതിയുടെയോ ( Lifestyle Mistakes ) നാം ജീവിക്കുന്ന ചുറ്റുപാടുകളുടെയോ എല്ലാം ഭാഗമായാണ് ഉണ്ടാകുന്നതുമാണ്. അത്തരത്തില്‍ അനുഭവപ്പെട്ടേക്കാവുന്നൊരു പ്രശ്‌നമാണ് കണ്ണില്‍ എപ്പോഴും നീറ്റലും കണ്ണില്‍ നിന്ന് വെള്ളം വരുന്നതും.
പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. പ്രത്യേകിച്ച് കണ്ണ് രോഗങ്ങളുടെയെല്ലാം ഭാഗമായി ഇത് വരാം. എന്നാല്‍ വലിയൊരു വിഭാഗം പേരിലും ഈ പ്രശ്‌നം സൃഷ്ടിക്കുന്നത് അന്തരീക്ഷ മലിനീകരണമാണ്. ചുമ, ശ്വാസംമുട്ടല്‍, നെഞ്ചില്‍ അസ്വസ്ഥത, അലര്‍ജി, തലവേദന തുടങ്ങിയ അസുഖങ്ങളെല്ലാം അന്തരീക്ഷ മലിനീകരണം മൂലം പിടിപെടാറുണ്ട്. അവയ്ക്കൊപ്പം കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ട്. കണ്ണില്‍ നീറ്റല്‍, കണ്ണില്‍ വെള്ളം നിറഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുക, കണ്ണില്‍ ചൊറിച്ചില്‍, എരിച്ചില്‍, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ, കണ്ണില്‍ ചുവപ്പ് നിറം പടരുന്നത് തുടങ്ങിയവയെല്ലാം അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായി ഉണ്ടാകാവുന്നതാണ്.
ഇവയെല്ലാം നിസാരമായ പ്രശ്നങ്ങളല്ലേ, എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ക്രമേണ കാഴ്ചയെ തന്നെ പ്രതികൂലമായി ബാധിക്കാന്‍ തക്ക വീര്യമുള്ള പ്രശ്നങ്ങളാണിവയെല്ലാം.
ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും ജീവിക്കുന്നവര്‍ ഈ പ്രശ്നങ്ങളിലൂടെ നിത്യേന കടന്നുപോകുന്നുണ്ട്. പക്ഷേ മിക്കപ്പോഴും ഇത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. അല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങളുമായി അറിയാതെ തന്നെ സമരസപ്പെട്ട് പോകുകയും ചെയ്യുന്നു.
എന്തായാലും വലിയൊരു നഗരത്തിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍, കണ്ണില്‍ മേല്‍പ്പറഞ്ഞ പോലുള്ള വിഷമതകള്‍ നേരിടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. സമയബന്ധിതമായി ചികിത്സ തേടാനും മറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി പിന്തുടരാനും കരുതലെടുക്കുക.
അതുപോലെ തന്നെ ഇങ്ങനെ കണ്ണില്‍ അസ്വസ്ഥത പതിവാണെങ്കില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ കൂടി അറിയണം. കണ്ണില്‍ എന്ത് തരം രോഗമാണെങ്കിലും അതിന് കൂടുതല്‍ സമ്മര്‍ദ്ദം പിന്നെയും നല്‍കാതിരിക്കേണ്ടതുണ്ട്. ഇതിനായി സ്‌ക്രീന്‍ സമയം പരമാവധി കുറയ്ക്കുക. മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ളവയുടെ ഉപയോഗം പരിമിതപ്പെടുത്താം. കണ്ണില്‍ എരിച്ചിലും നീറ്റലും തോന്നുന്നപക്ഷം ഇടവിട്ട് കണ്ണില്‍ വെള്ളം തളിക്കാം. ഇത് അസ്വസ്ഥത കുറയാന്‍ സഹായിക്കും.
ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എപ്പോഴും നന്നായിരിക്കും. ഇല്ലെങ്കില്‍ ഇതും കണ്ണുകളെ പ്രതികൂലമായി ബാധിക്കാം. വെള്ളത്തിനൊപ്പം തന്നെ ഭക്ഷണകാര്യങ്ങളിലും ചിലത് ശ്രദ്ധിക്കാനുണ്ട്. ഏത് അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രധാന ചികിത്സ തന്നെയാണ് നമ്മുടെ ഡയറ്റ്. നാം എന്താണ് കഴിക്കുന്നത് എന്നതിനെ അപേക്ഷിച്ചാണ് നമ്മുടെ ആരോഗ്യം നിലനില്‍ക്കുക. അതിനാല്‍ തന്നെ ആരോഗ്യകരവും സമ്പൂര്‍ണവുമായ ഡയറ്റ് പിന്തുടരുക. കണ്ണിന് തണുപ്പേകുന്ന, കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്താം.
കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നപക്ഷം കണ്ണില്‍ മേക്കപ്പ് ഉപയോഗിക്കാതിരിക്കുക. മറ്റ് 'ഐ-കെയര്‍' ഉത്പന്നങ്ങളായാലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക. എപ്പോഴും കണ്ണിലെ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാത്തിരിക്കാതെ, അതിന് മുമ്പെ തന്നെ ഡോക്ടറെ കാണുന്നതാണ് ഉത്തമം.
Also Read:- പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
