ഇലക്ട്രിക് ടൂത്ത് ബ്രഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അധികപേരും ഇതൊന്നും നമുക്ക് വേണ്ട എന്നാണ് ആദ്യമേ ചിന്തിക്കുക. എന്തിനാണ് ഇതുപയോഗിക്കുന്നത് എന്ന ചോദ്യവും വരാം.

വായയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ആദ്യം നാം പല്ലുകളുടെയും മോണയുടെയുമെല്ലാം ആരോഗ്യം സൂക്ഷിക്കണം. ഇതിന് പ്രാഥമികമായി ദിവസവും ചെയ്യേണ്ടുന്ന കാര്യം, നിസംശയം പറയാം ബ്രഷിംഗ് തന്നെയാണ്. രാവിലെയും രാത്രിയും ബ്രഷ് ചെയ്താല്‍ തന്നെ വായ്ക്കകത്ത് വരുന്ന പല രോഗങ്ങളും അണുബാധകളുമെല്ലാം തടയാൻ സാധിക്കും. 

ബ്രഷ് ചെയ്യാൻ ഇന്നും മിക്കവാറും പേരുപയോഗിക്കുന്നത് സാധാരണ ടൂത്ത് ബ്രഷുകള്‍ തന്നെയാണ്. ചിലര്‍ പക്ഷേ ഇലക്ട്രിക് ടൂത്ത് ബ്രഷിലേക്ക് ചുവടുമാറിയിട്ടുമുണ്ട്. ഇലക്ട്രിക് ടൂത്ത് ബ്രഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അധികപേരും ഇതൊന്നും നമുക്ക് വേണ്ട എന്നാണ് ആദ്യമേ ചിന്തിക്കുക. എന്തിനാണ് ഇതുപയോഗിക്കുന്നത് എന്ന ചോദ്യവും വരാം. പക്ഷേ സത്യത്തില്‍ ഇലക്ട്രിക് ബ്രഷ് ഉപയോഗിക്കുന്നത് കൊണ്ട് ചില ഗുണങ്ങളെല്ലാമുണ്ട് കെട്ടോ. 

ഇലക്ട്രിക് ടൂത്ത് ബ്രഷുകൊണ്ടുള്ള പ്രധാന പ്രയോജനം അത് പല്ലുകളും വായ്ക്കകവും നല്ലതുപോലെ വൃത്തിയാക്കാൻ സഹായിക്കും എന്നതാണ്. പല്ലുകളിലും, പല്ലുകള്‍ക്കിടയിലും അഴുക്ക് അടിയുന്നത് തടയാൻ ഇലക്ട്രിക് ടൂത്ത് ബ്രഷ് സഹായിക്കുന്നത് പോലെ ഒരിക്കലും സാധാരണ ബ്രഷുകള്‍ക്ക് കഴിയില്ല. 

ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ, ബ്രഷ് ചെയ്യുന്ന ഭാഗം യഥേഷ്ടം സ്വയം ചലിക്കുന്നതാണ്. അതിനാല്‍ തന്നെ വായ്ക്കകം മുഴുവനും എത്തി, വൃത്തിയാക്കാൻ അതിന് സാധിക്കും. മോണരോഗം അടക്കം വായില്‍ കാണുന്ന പല രോഗങ്ങളെയും ചെറുക്കാനിത് സഹായിക്കും. 

ഇനി, അധികമായി ശക്തിയെടുത്ത് തേക്കുകയാണെങ്കില്‍ അത് തടയുന്നതിന് വേണ്ടിയുള്ള സെൻസറുകളും ഇന്ന് ഇറങ്ങുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷുകളിലുണ്ട്. അമിതമായി ശക്തിയെടുത്ത് പല്ല് തേക്കുകയാണെങ്കില്‍, പ്രത്യേകിച്ച് ഇലക്ട്രിക് ബ്രഷുകൊണ്ട് തേക്കുകയാണെങ്കില്‍ അത് പല്ലിലെ ഇനാമലിന് കേടുപാടുകള്‍ സംഭവിക്കുന്നതിലേക്ക് നയിക്കും. 

ചില അസുഖങ്ങള്‍ മൂലം വലയുന്ന ആളുകളെ സംബന്ധിച്ച് ഉപയോഗിക്കാൻ വളരെയധികം സൗകര്യപ്രദമാണ് ഇലക്ട്രിക് ബ്രഷ്. കൈകള്‍ അധികം അനക്കാതെ തന്നെ വായ്ക്കകം നന്നായി വൃത്തിയാക്കാൻ സഹായിക്കുമല്ലോ ഇത്. കൈകള്‍ അധികം അനക്കാർനോ, അധികം ശക്തിയെടുക്കാനോ പ്രയാസമുള്ളവരെ സംബന്ധിച്ച് ഏറെ സൗകര്യം. 

ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിലയാണ് പലരെയും ഇത് വാങ്ങിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കേവലം ഒരു ബ്രഷിന് ഇത്ര വിലയോ എന്ന ചിന്ത സ്വാഭാവികമായും വരാം. എന്നാലിതിന്‍റെ ഗുണങ്ങള്‍ മനസിലാക്കുമ്പോള്‍ പണം ചിലവാക്കുന്നതില്‍ പ്രശ്നം തോന്നാത്തവരും ഉണ്ട്. പണം മാത്രമല്ല, ഇതിന് ബാറ്ററി ചാര്‍ജ് ചെയ്യണം, പോയ ബാറ്ററി മാറ്റണം എന്നിങ്ങനെ മെയിന്‍റനൻസും ഉണ്ട്. ഇതും പലര്‍ക്കും പ്രയാസമാണ്. 

എന്തായാലും ഫലപ്രാപ്തിയെ കുറിച്ച് പറയുമ്പോള്‍ സാധാരണ ബ്രഷുകളെക്കാള്‍ തീര്‍ച്ചയായും മുന്നിലാണ് ഇലക്ട്രിക് ബ്രഷ്. ഇത് ഉപയോഗിക്കുന്നതും ഉപയോഗിക്കാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ചാണെന്ന് മാത്രം. 

Also Read:- ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാതിരിക്കാൻ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo