പലര്‍ക്കും കേവലം ഒരു ശാരീരിക പ്രശ്‌നം എന്നതിനും അപ്പുറം വലിയ മാനസിക പ്രശ്‌നം കൂടിയാണ് വായ്‌നാറ്റം. എത്ര കഴിവുള്ളവരാണെങ്കില്‍പ്പോലും വായ്‌നാറ്റം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത് ആത്മവിശ്വാസത്തിനെ കെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. 

പല കാരണങ്ങള്‍ കൊണ്ടുമാകാം, വായ്‌നാറ്റമുണ്ടാകുന്നത്. ഇതില്‍ മിക്കതും നമുക്ക് തന്നെ മനസിലാക്കിയെടുത്ത് പരിഹരിക്കാവുന്നതേയുള്ളൂ. ചിലത് മെഡിക്കല്‍ സഹായം തേടേണ്ട വിഷയങ്ങളും ആകാം. എന്തായാലും വായ്‌നാറ്റത്തിന് സാധാരണഗതിയില്‍ കാരണമാകുന്ന ഏഴ് കാര്യങ്ങള്‍ ഏതെല്ലാമാണ് എന്നൊന്ന് നോക്കാം. 

ഒന്ന്...

'സള്‍ഫര്‍' കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, പിന്നീടുള്ള സമയം വായ്‌നാറ്റമുണ്ടാകാന്‍ കാരണമായേക്കും. ഉദാഹരണത്തിന് ഉള്ളി, വെളുത്തുള്ളി, മുട്ടയുടെ മഞ്ഞ തുടങ്ങിയവ. പുറത്തുപോകുമ്പോഴോ, പ്രധാനപ്പെട്ട മീറ്റിംഗുകള്‍ക്ക് തയ്യാറെടുക്കുമ്പോഴോ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം. 

 


 

രണ്ട്...

കീറ്റോ ഡയറ്റ് പിന്തുടരുന്നവരില്‍ ചിലരിലും വായ്‌നാറ്റം കാണാറുണ്ട്. ഇത് എന്തുകൊണ്ടെന്നാല്‍ കീറ്റോ ഡയറ്റ് ശീലിക്കുമ്പോള്‍ പ്രോട്ടീനെ, അല്ലെങ്കില്‍ 'ഫാറ്റ്'നെ ആണ് ശരീരം അതിന്റെ ഊര്‍ജ സ്രോതസ് ആക്കുന്നത്. ഇതുമൂലമാണ് വായ്‌നാറ്റമുണ്ടാകുന്നത്. 

മൂന്ന്...

ദീര്‍ഘനേരം വെള്ളം കുടിക്കാതിരിക്കുന്നത്, ഭക്ഷണം കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം വായ്‌നാറ്റമുണ്ടാക്കാം. ഇത് താല്‍ക്കാലികമായ ഒരു 'റിയാക്ഷന്‍' മാത്രമാണ്. ഭക്ഷണവും വെള്ളവും ഒന്നും ചെല്ലാതിരിക്കുമ്പോള്‍ വായ വരണ്ടുപോകുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടവിട്ട് വെള്ളം കുടിച്ചാ്ല്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. 

നാല്...

പുകവലിയാണ് വായ്‌നാറ്റത്തിന് കാരണമാകുന്ന മറ്റൊരു പ്രശ്‌നം. ഇടയ്ക്കിടെ വലിക്കുന്നവരിലും ദീര്‍ഘകാലമായി വലിക്കുന്നവരിലുമെല്ലാം മിക്കവാറും വായ്‌നാറ്റം അനുഭവപ്പെട്ടേക്കാം. 

 

 

അതുപോലെ പുകയില വയ്ക്കുന്നത് പോലുള്ള മറ്റ് രീതികളും വലിയ തോതില്‍ വായ്‌നാറ്റമുണ്ടാക്കും. 

അഞ്ച്...

ചിലരില്‍ ചില മരുന്നുകള്‍ കഴിക്കുന്നതിന്റെ ഭാഗമായി വായ്‌നാറ്റം ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഭക്ഷണകാര്യങ്ങളും വ്യക്തിഗത ശുചിത്വവും പാലിക്കുക. അസുഖം മാറുന്നത് വരെ മറ്റ് 'നെഗറ്റീവ്' ചിന്തകളൊന്നും കൂടാതെ മരുന്ന് കഴിക്കുക. ഈ കോഴ്‌സ് മുഴുവനാക്കിയ ശേഷവും വായ്‌നാറ്റമുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണിക്കാവുന്നതാണ്. 

ആറ്...

സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ വായ്‌നാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണിത്. നന്നായി വെള്ളം കുടിക്കുന്നത്, ചെറിയൊരു പരിധി വരെ ഇക്കാലത്തുണ്ടാകുന്ന വായ്‌നാറ്റത്തെ ലഘൂകരിക്കും. കാര്യമായി ഉത്കണ്ഠപ്പെടാതെ താല്‍ക്കാലികമായ ഒരു പ്രശ്‌നമായിത്തന്നെ ഇതിനെ കാണുകയും വേണം. 

Also Read:- പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ 5 പൊടിക്കെെകൾ...

ഏഴ്...

മോണരോഗങ്ങളാണ് വായ്‌നാറ്റത്തിന് കാരണമാകുന്ന മറ്റൊരു സാധാരണ പ്രശ്‌നം. വളരെ രൂക്ഷമായ വായ്‌നാറ്റമാണ് മോണരോഗമുള്ളവരില്‍ അനുഭവപ്പെടാറ്. നല്ല ശുചിത്വത്തോടെ വായ് സൂക്ഷിക്കാന്‍ ഇത്തരക്കാര്‍ പ്രത്യേകം കരുതലെടുക്കുക. കൃത്യമായ ഇടവേളകളില്‍ ഡോക്ടറുടെ സഹായത്തോടെ 'ക്ലീനിംഗ്' നടത്തുക. മരുന്നുകളുണ്ടെങ്കില്‍ അത് മുടങ്ങാതെ കഴിക്കുക. ആത്മവിശ്വാസത്തിനായി 'മൗത്ത് ഫ്രഷ്‌നര്‍' ഉപയോഗിക്കാം. എപ്പോഴും വെള്ളം കുടിക്കുക. അതോടൊപ്പം തന്നെ ഡയറ്റും ശ്രദ്ധിക്കുക.

Also Read:- പല്ല് തേക്കുന്നത് പോലെ പതിവായി നാവും വൃത്തിയാക്കേണ്ടതുണ്ടോ?...