ഫൈബര്‍, വൈറ്റമിൻ-സി, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, ബീറ്റ-കെരാട്ടിൻ, വൈറ്റമിൻ കെ എന്നിങ്ങനെ ശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്ന ഒരുപിടി ഘടകങ്ങളുടെ സ്രോതസാണ് ആപ്പിള്‍. 

നമ്മുടെ ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ലഭ്യമായതില്‍ ഏറ്റവും മികച്ച ഭക്ഷണം തന്നെ തെരഞ്ഞെടുത്ത് കഴിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. 

കഴിയുന്നതും പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഇക്കാരണത്താലാണ്. പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍ ഓരോന്നിനും ഓരോ തരത്തിലുള്ള ധര്‍മ്മമാണുള്ളത്. 

ഇക്കൂട്ടത്തില്‍ നിങ്ങളേറ്റവുമധികം കഴിക്കണമെന്ന നിര്‍ദേശം കേട്ടിരിക്കുക, ആപ്പിളിനെ കുറിച്ചാകാം. ദിവസത്തിലൊരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താം എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്തുകൊണ്ടാണ് ആപ്പിള്‍ ആരോഗ്യത്തിന് അത്രമാത്രം ഗുണകരമാകുന്നത്? അല്ലെങ്കില്‍ എങ്ങനെയെല്ലാമാണ് ആപ്പിള്‍ ആരോഗ്യത്തിന് അത്രയും ഗുണകരമാകുന്നത്? 

ഫൈബര്‍, വൈറ്റമിൻ-സി, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, ബീറ്റ-കെരാട്ടിൻ, വൈറ്റമിൻ കെ എന്നിങ്ങനെ ശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്ന ഒരുപിടി ഘടകങ്ങളുടെ സ്രോതസാണ് ആപ്പിള്‍. 

വണ്ണം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ദഹനപ്രശ്നങ്ങളകറ്റാനുമെല്ലാം ആപ്പിള്‍ സഹായിക്കുന്നുണ്ട്. മറ്റൊന്നുമല്ല- ആപ്പിളിലടങ്ങിയിട്ടുള്ള ഇപ്പറഞ്ഞ ഘടകങ്ങള്‍ തന്നെ ഇതിന് അവസരമൊരുക്കുന്നത്. 

മലബന്ധത്തിന് ആശ്വാസം നല്‍കാൻ ആപ്പിളിലുള്ള അധിക ഫൈബര്‍ സഹായിക്കുന്നു. വയറ്റിനകത്തുള്ള നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയെ സ്വാധീനിക്കാനും ആപ്പിളിനാകുന്നു. ഇതും ദഹനപ്രശ്നങ്ങളെ വലിയ രീതിയില്‍ അകറ്റുന്നു. 

ആപ്പിള്‍ പീനട്ട് ബട്ടറിനൊപ്പം കഴിക്കുന്നത് ചിലരുടെ രീതിയാണ്. ഇത് പ്രോട്ടീൻ കണ്ടെത്തുന്നതിന് ഏറ്റവും നല്ലൊരു ഭക്ഷണമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, പ്രമേഹം നിയന്ത്രിക്കുകയുമെല്ലാം ചെയ്യുന്നത് ആപ്പിളിന്‍റെ ഏറ്റവും പ്രത്യേകതകളേറിയ ഗുണങ്ങള്‍ തന്നെ. ആപ്പിളിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണെങ്കില്‍ പലവിധത്തില്‍ ആരോഗ്യത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. 

ഇങ്ങനെ നിരവധി ആരോഗ്യഗുണങ്ങളാണ് ആപ്പിളിനുള്ളത്. ഇതിനാല്‍ തന്നെയാണ് ആപ്പിള്‍ പതിവായി കഴിക്കുന്നത് ഏറെ നല്ലതാണെന്ന് പറയുന്നത്. 

Also Read:- പ്രായമേറുന്നതിന് അനുസരിച്ച് തലച്ചോറിന് എന്ത് സംഭവിക്കുന്നു? ഇപ്പോഴേ ചെയ്യേണ്ട കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo