ജീവിതരീതിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മൂലം ചിലരില്‍ പ്രായമേറുന്നതിന് മുമ്പായി തന്നെ ഓര്‍മ്മക്കുറവോ, അതുപോലുള്ള രോഗങ്ങളോ കാണപ്പെടാറുണ്ട്. ഇവരില്‍ വാര്‍ധക്യവും വേഗത്തിലെത്തുന്നു

പ്രായമേറുന്നതിന് അനുസരിച്ച് ( Old Age ) മറ്റ് ഏത് അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും ( Cognitive Health ) വരുന്ന കുറവ് തന്നെ, തലച്ചോറിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. അതിനാല്‍ പ്രായമാകുമ്പോള്‍ ഓര്‍മ്മക്കുറവ്, കാര്യങ്ങളില്‍ അവ്യക്തത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കാര്യമായി നേരിടാം. അതുപോലെ തന്നെ 'ഡിമെന്‍ഷ്യ', 'അല്‍ഷിമേഴ്‌സ്' പോലുള്ള മറവിരോഗങ്ങളും പ്രായമായവരില്‍ കൂടുതലാണ്. 

എന്നാല്‍ ജീവിതരീതിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മൂലം ചിലരില്‍ പ്രായമേറുന്നതിന് മുമ്പായി തന്നെ ഓര്‍മ്മക്കുറവോ, അതുപോലുള്ള രോഗങ്ങളോ കാണപ്പെടാറുണ്ട്. ഇവരില്‍ വാര്‍ധക്യവും വേഗത്തിലെത്തുന്നു. 

ഡയറ്റ്, വ്യായാമം, മറ്റ് ജീവിതരീതികള്‍ എന്നിവയ്‌ക്കൊപ്പം ജനിതകമായ ഘടകങ്ങള്‍, പാരമ്പര്യം എന്നിങ്ങനെയുള്ളവ കൂടി ചേരുമ്പോള്‍ രോഗസാധ്യത കൂടുന്നു. ഇത്തരത്തില്‍ 'ഡിമെന്‍ഷ്യ'യിലേക്കും നേരത്തേയുള്ള വാര്‍ധക്യത്തിലേക്കും നമ്മെ നയിക്കാന്‍ സാധ്യതയുള്ള ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഡയറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇത്തരം രോഗങ്ങളിലേക്കും അവസ്ഥയിലേക്കും നമ്മെ നയിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. പ്രധാനമായും വൈറ്റമിന്‍ ബി-12 ന്റെ അഭാവമാണ് ഇതിനോടനുബന്ധമായി ഡയറ്റില്‍ ശ്രദ്ധിക്കാനുള്ളത്.

വൈറ്റമിന്‍ ബി 12 അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും നിത്യമായ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

രണ്ട്...

ഹൃദയാരോഗ്യത്തിന് വേണ്ടവിധം ശ്രദ്ധ നല്‍കാതിരിക്കുന്നതും തലച്ചോറിനെ ദോഷകരമായി ബാധിക്കാം. ഏത് പ്രായക്കാരാണെങ്കിലും ഹൃദയാരോഗ്യത്തിന് കൃത്യമായ പ്രാധാന്യം നല്‍കുക. ഇത് നേരത്തേ വാര്‍ധക്യത്തിലെത്തുന്നതും മറവിരോഗങ്ങള്‍ പിടികൂടുന്നതും പ്രതിരോധിക്കും. 

മൂന്ന്...

കാര്യമായ കായികാധ്വാനമില്ലാതെ തുടരുന്നത് എപ്പോഴും ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കും നയിക്കും. തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഹോര്‍മോണ്‍ 'ബാലന്‍സ്'നും, മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും, രക്തയോട്ടത്തിനും, ഉന്മേഷത്തിനും, സന്തോഷത്തിനുമെല്ലാം കായികാധ്വാനം ആവശ്യമാണ്. അതിനാല്‍ വ്യായാമം നിര്‍ബന്ധമായും ചെയ്യുക. 

നാല്...

സാമൂഹികമായ ഇടപഴക്കം ദീര്‍ഘകാലത്തേക്ക് ഇല്ലാതിരിക്കുന്നത് വ്യക്തികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് കൊവിഡ് കാലത്ത് നാമെല്ലാവരും അനുഭവിച്ചതുമാണ്. ഇത്തരം സാഹചര്യങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം.

ഓര്‍മ്മക്കുറവ്, മറവിരോഗം, നേരത്തേയുള്ള വാര്‍ധക്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇത്തരക്കാരെ കടന്നുപിടിക്കാം. 

അഞ്ച്...

പതിവായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്നവരും ശ്രദ്ധിക്കുക. ഇത് ഒരുപിടി അസുഖങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം തന്നെ ഓര്‍മ്മശക്തിയെയും, യുവത്വത്തെയുമെല്ലാം സാരമായി ബാധിക്കാം. പല പഠനങ്ങളും ഉറക്കവും മറവിരോഗവും തമ്മിലുള്ള ബന്ധവും നേരത്തേ തന്നെ വിശദമാക്കിയിട്ടുണ്ട്. തലച്ചോറിന് ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ അത് ഓര്‍മ്മശക്തിയെ കാര്യമായി ബാധിക്കാം. ഇതുതന്നെ പതിവാകുമ്പോള്‍ തലച്ചോറിനേല്‍ക്കുന്ന ആഘാതം ചെറുതായിരിക്കില്ല. 

ആറ്...

അമിതമായ മദ്യപാനവും ഓര്‍മ്മശക്തിയെ മോശമായി ബാധിക്കാം. അതുപോലെ തന്നെ വാര്‍ധക്യം നേരത്തെയാകുന്നതിലും മദ്യപാനത്തിന് വലിയ പങ്കുണ്ട്.

Also Read:- ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതൽ; പഠനം