ചില ഭാഗങ്ങളില്‍ നിന്ന് മാത്രമായി മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥ. ഇതും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പക്ഷേ ഈ പ്രശ്നത്തിനൊപ്പം വേറെ ചില പ്രശ്നങ്ങള്‍ കൂടി കാണുന്നുവെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. ഇക്കൂട്ടത്തില്‍ വളരെ ചെറുത് മുതല്‍ അത്രയും ഗൗരവമുള്ള കാരണങ്ങള്‍ വരെ ഉള്‍പ്പെടാം. 

ഏതായാലും അല്‍പമൊരു ഗൗരവമുള്ള പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മുടി കൊഴിച്ചില്‍ എന്നാല്‍ സാധാരണഗതിയിലുള്ള മുടി കൊഴിച്ചിലല്ല, മറിച്ച് ചില ഭാഗങ്ങളില്‍ നിന്ന് മാത്രമായി മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥ. ഇതും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പക്ഷേ ഈ പ്രശ്നത്തിനൊപ്പം വേറെ ചില പ്രശ്നങ്ങള്‍ കൂടി കാണുന്നുവെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.

കാരണം തലയോടിനെ ബാധിക്കുന്ന ക്യാൻസറിന്‍റെയും ലക്ഷണമാകാം ഇത്. തലയോടിനെ ബാധിക്കുന്ന ക്യാൻസര്‍ ഒരിനം സ്കിൻ ക്യാൻസര്‍ തന്നെയാണ്. എന്നാല്‍ പലരും തലയോട്ടിയില്‍ ഇങ്ങനെ സ്കിൻ ക്യാൻസര്‍ ബാധയുണ്ടാകുമെന്ന് ചിന്തിച്ചേക്കില്ല. എന്ന് മാത്രമല്ല,ഇപ്പറഞ്ഞതുപോലെ ലക്ഷണങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാകാനും ഈ കേസില്‍ സാധ്യത കൂടുതലാണ്. 

നേരത്തേ സൂചിപ്പിച്ചത് പോലുള്ള മുടി കൊഴിച്ചില്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. തലയില്‍ ചെറിയ മുറിവുകളുണ്ടാവുക. അതില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. എന്നാല്‍ എന്ത് ചെയ്താലും മുറിവുകള്‍ മാറാതിരിക്കുക- അല്ലെങ്കില്‍ മാറിയിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വരിക, മുറിവില്‍ നിന്ന് രക്തം വരിക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും തലയോടിനെ ബാധിക്കുന്ന ക്യാൻസറിന്‍റെ ലക്ഷണമാകാം. 

അതുപോലെ തന്നെ ചെറിയ മുഴകള്‍, വീക്കം പോലെ, കഴുത്തിലോ തലയിലോ പരിസരങ്ങളിലോ ലിംഫ് നോഡുകള്‍ വീര്‍ത്തിരിക്കുക, തലയോടിന്‍റെ ഘടനയില്‍ തന്നെ വ്യത്യാസം വരുന്ന രീതിയിലുള്ള ചെറിയ മാറ്റങ്ങള്‍ പ്രകടമാവുക- ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. 

ഇങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്താം. അധികപക്ഷവും ഇവ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ തന്നെയാകാം. ക്യാൻസര്‍ ആണെങ്കിലും സമയബന്ധിതമായി രോഗനിര്‍ണയം നടത്താനായാല്‍ അത് ചികിത്സയ്ക്ക് ഏറെ ഗുണം ചെയ്യും. എന്തായാലും ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ ക്യാൻസറാണെന്ന സ്വയം നിര്‍ണയം വേണ്ട. എന്നാല്‍ നിസാരമാക്കി പരിശോധിക്കാതെ തള്ളിക്കളയുകയും ചെയ്യരുത്. 

Also Read:- അമിതമായി വെള്ളം കുടിച്ചതിന് പിന്നാലെ 'വാട്ടര്‍ പോയിസണിംഗ്'; യുവതി ആശുപത്രിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo